ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ഡൗണിന് ശേഷം മാത്രമേ തിരിച്ചെത്തിക്കുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാകും തിരിച്ചുകൊണ്ടുവരുന്നത്. ചെലവ് സ്വയം വഹിക്കണം. പ്രത്യേക വിമാനങ്ങള്‍ വഴിയോ സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ അതുവഴിയോ ആകും ഇവരെ തിരിച്ചെത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷന് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, എയര്‍ ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍ എന്നിവര്‍ ചേര്‍ന്നാണ് വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതേസമയം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇറ്റലി, ഇറാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു. അതേസമയം മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്ട്രേഷന് വന്‍തിരക്ക്. വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് രജിസ്ട്രേഷന് തുടങ്ങാനായത്.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്ട്രേഷനായുളള നോർക്ക വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. വൈകുന്നേരത്തോടെയാണ് വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമായത്. www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ.
തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷന് നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്ന് സർക്കാർ അറിയിക്കുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷനും നോർക്ക ഉടൻ തുടങ്ങും.