മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനാണ് ഇന്നലെ വിടവാങ്ങിയത്. ഒട്ടേറെക്കാലം വീടുകളിലേക്ക് ടിവികളിലൂടെ എത്തിയ നടനായിരുന്നു രവി വള്ളത്തോള്‍. തിരുവനന്തപുരത്ത് വഴുതക്കാട് വീട്ടില്‍ വെച്ചായിരുന്നു മരണം. നാടകത്തിലൂടെ തുടങ്ങിയ കലാപ്രവര്‍ത്തനമാണ് രവി വള്ളത്തോളിന്റേത്. സ്‍കൂള്‍കാലം മുതലേ നാടകത്തില്‍ രവി വള്ളത്തോളിന് കൂട്ടുണ്ടായത് മലയാളികളുടെ പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാറും.

ADVERTISEMENT

നാടകകൃത്ത് ടി എൻ ഗോപിനാഥൻ നായരുടെ മകനാണ് രവി വള്ളത്തോള്‍. അതുകൊണ്ട് നാടകത്തില്‍ കുട്ടിക്കാലം മുതലെ ഭാഗമായി. റേഡിയോയില്‍ ബാലവേദിയില്‍ നാലാം വയസില്‍ തന്നെ ശ‍ബ്‍ദം കൊണ്ട് അഭിനയിച്ചിരുന്നു. നാലാം ക്ലാസില്‍ മോഡല്‍ സ്‍കൂളില്‍ ചേര്‍ന്നു. ആറാം ക്ലാസില്‍ ആയപ്പോള്‍ കൂട്ടുകാരനായി ജഗതി ശ്രീകുമാര്‍ പഠിക്കാൻ ചേര്‍ന്നു. രവി വള്ളത്തോളിന്റെയും ജഗതിയുടെയും അച്ഛൻമാര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ആ അടുപ്പം മക്കള്‍ക്കും കിട്ടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രവി വള്ളത്തോള്‍ സ്‍കൂളിലും നാടകത്തിന്റെ ഭാഗമാകുന്നത്.

പെണ്‍വേഷത്തില്‍ ആണ് സ്‍കൂളില്‍ പഠിക്കുമ്പോള്‍ രവി വള്ളത്തോള്‍ അഭിനയിച്ചത്. മാര്‍ ഇവാനിയസ് കോളേജില്‍ പഠിക്കുമ്പോഴും നാടകങ്ങളില്‍ നടിയായ വേഷമിട്ടത് രവി വള്ളത്തോളായിരുന്നു. മികച്ച ഫീമെയില്‍ റോളിനുള്ള അവാര്‍ഡ് മൂന്ന് തവണയും കിട്ടിയത് രവി വള്ളത്തോളിനാണ്. നാടകങ്ങള്‍ ഒട്ടേറെ ചെയ്‍തിട്ടുണ്ട് രവി വള്ളത്തോള്‍. അഭിനയമാണ് തന്റെ കരിയര്‍ എന്ന് തിരിച്ചറിഞ്ഞ കാലം. അതേസമയം കോളേജ് കാലത്ത് രവി വള്ളത്തോളും ജഗതിയും ഒരുമിച്ച് നാടകവും ചെയ്‍തിട്ടുണ്ട്. എൻ എൻ പിള്ളയുടെ കുടുംബയോഗം എന്ന നാടകമായിരുന്നു ഇരുവരും ചെയ്‍തത്. എണ്‍പത് വയസുള്ള കിളവനും എഴുപത് വയസുള്ള കിളവിയുമാണ് കഥാപാത്രങ്ങള്‍. പുരുഷ വേഷത്തില്‍ ജഗതിയും സ്‍ത്രീ വേഷത്തില്‍ രവി വള്ളത്തോളും. അന്ന് കേരളത്തില്‍ ഒട്ടേറെ ഭാഗങ്ങളില്‍ ഇരുവരും ചേര്‍ന്ന് കുടുംബയോഗം എന്ന നാടകം ചെയ്‍തിട്ടുണ്ട്.

വൈതരണിയെന്ന സീരിയലിലൂടെയാണ് രവി വള്ളത്തോള്‍ ടെലിവിഷന്റെ ഭാഗമാകുന്നത്. രവി വള്ളത്തോളിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെ തന്നെ ഒരു തുടര്‍ നാടകമായിരുന്നു സീരിയലായത്. ഒരു പോസ്റ്റ്മാന്റെ കഥയാണ് സീരിയല്‍. പോസ്റ്റ്മാന്റെ മകളെ സ്‍ത്രീധനമൊന്നും വാങ്ങിക്കാതെ വിവാഹം കഴിക്കാൻ തയ്യാറാകുന്ന തയ്യല്‍ക്കാരൻ ആയിട്ടാണ് രവി വള്ളത്തോള്‍ അഭിനയിക്കുന്നത്. ദൂരദര്‍ശന്റെ സീരിയല്‍ ഹിറ്റായതോടെ രവി വള്ളത്തോളിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒരു ആഴ്‍ചയില്‍ തന്നെ അഞ്ച് ദിവസങ്ങളിലും രവി വള്ളത്തോള്‍ അഭിനയിച്ച സീരിയലുകള്‍ വന്ന കാലമായിരുന്നു അത്.

COMMENT ON NEWS

Please enter your comment!
Please enter your name here