കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. ഈ മാസം ഇതുവരെ പത്തിലേറെ പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചത്. തളിപ്പറമ്പ്, ഏഴോം മേഖലകളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഏറെയും. ഈ മാസം നാൽപ്പതിലേറെ പേർ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി. ജില്ലയിൽ ചില മേഖലകളിൽ ഡെങ്കിപ്പനിയും പടരുന്നുണ്ട്. ജലജന്യരോഗങ്ങളെയും കൊതുക് പരത്തുന്ന രോഗങ്ങളെയും പ്രതിരോധിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടായാൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും കിണർ വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്യാനും നിർദേശമുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here