കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്നവൈശാഖ മാസത്തിലെ ഒരു പുണ്യ ദിനമാണ് അക്ഷയതൃതീയ. വെളുത്തപക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ദാനധർമ്മാദികൾക്ക് ശ്രേഷ്ഠമാണ്.

ADVERTISEMENT

തൃതീയ എന്നാൽ ഇവിടെ അർത്ഥം മുന്നാമത്തെ ചന്ദ്രദിനം എന്നാണ്. അക്ഷയം എന്ന വാക്കിന്റെ അർത്ഥം ക്ഷയം ഇല്ലാത്തത്, ഒരിക്കലും നശിക്കാത്തത് എന്നും . അതിനാൽ ആരാണെങ്കിലും ഈ ദിവസം ചെയ്യുന്ന ഒരു മന്ത്രജപവും പ്രാർത്ഥനയും വെറുതെയാകില്ലെന്ന് തന്നെയല്ല അതിന് ഇരട്ടി പുണ്യവുമുണ്ടാകും. ജപം പോലെ തന്നെയാണ് ഈ ദിവസത്തെ പൂജകളുടെയും യജ്ഞങ്ങളുെയും ദാനങ്ങളുടെയും ഫലം. അതിനാൽ അക്ഷയ തൃതീയ ദിവസത്തെ ദാനങ്ങളുടെയും സൽക്കർമ്മങ്ങളുടെയും ഫലം അത് അനുഷ്ഠിക്കുന്നവർക്കൊപ്പം എക്കാലവും നിലനിൽക്കും. അവരുടെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും നിറയും എന്നാണ് വിശ്വാസം.

ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ്‌ ഈ ദിവസം നില്‍ക്കുന്നത്‌.

ഉത്തമമായ ഈ ദിനം ചെയ്യുന്ന ദാന കര്‍മ്മങ്ങളുടെ ഫലം ദിനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അനന്തവുമായിരിക്കും. പുനര്‍ജന്മങ്ങളിലും മരണാനന്തര ജീവിതത്തിലും ഭാരതീയര്‍ക്ക് വിശേഷ പരമായ വീക്ഷണം പണ്ടുമുതല്‍ തന്നെയുണ്ട്. അതനുസരിച്ച് ചെയ്യുന്ന പുണ്യ പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകു.

അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന ഏത് പുണ്യകര്‍മ്മങ്ങളുടെയും ഫലം അനന്തമാണെന്ന് വിശ്വാസികള്‍ പറയുന്നു. ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന്‌ വേറെതന്നെ എന്ന്‌ വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍. അന്ന് എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും പ്രബലപ്പെട്ടു വരികയാണ്.

എന്നാല്‍ ഇതിനെ പറ്റി ശരിയായ ധാരണ ആര്‍ക്കും ഇല്ലാത്തത് അക്ഷയ തൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസമാക്കി മാറ്റാന്‍ ജ്വല്ലറിക്കാര്‍ക്ക് വഴിയൊരുക്കി എന്നതാണ് സത്യം.

ഈ ദിവസം കാർഷികോപകരണങ്ങൾ, ഓട്‌, പിച്ചള, ചെമ്പ് ഇവ വാങ്ങുന്നത് കുടുംബത്തിൽ ഐക്യവും സമാധാനവും കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. അന്ന് വീട്ടിൽ വന്നുകയറുന്ന ധനം കൈവിട്ടു പോകില്ലെന്ന് തന്നെയല്ല അതിന്റെ മൂല്യം വർദ്ധിച്ചു കൊണ്ടേ ഇരിക്കും എന്നാണ് പരമ്പരാഗതമായ വിശ്വാസം. വീടു വാങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പുതിയ വാഹനം വാങ്ങുന്നതിനും മാത്രമല്ല എല്ലാ മംഗള കര്‍മ്മങ്ങള്‍ക്കും ഈ ദിനം ശ്രേഷ്ഠമാണ്. അവിവാഹിതകളായ പെൺകുട്ടികൾ അക്ഷയതൃതീയ ദിവസം ഉപവസിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ച് ഫലമൂലാദികൾ ദാനം ചെയ്താൽ മികച്ച മംഗല്യ ഭാഗ്യമുണ്ടാകും.

മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പ് സൂര്യനേയും ചന്ദ്രനേയും ആശ്രയിച്ചാണിരിക്കുന്നത്. സൂര്യന്‍ ആത്മാവിനേയും ചന്ദ്രന്‍ ശരീരത്തേയും പ്രതിനിധാനം ചെയ്യുന്നു. ചന്ദ്രനെ ശരീരത്തിന്റേയും മനസ്സിന്റേയും, മാതാവിന്റേയും കാരകനായി ജ്യോതിഷം കണക്കാക്കുന്നു. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണല്ലോ. ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു. ഈ കാലദൈര്‍ഘ്യത്തെ തിഥിയായാണ് കണക്കാക്കുന്നത്.
ജലഗ്രഹമായ ചന്ദ്രന്റെ ആകര്‍ഷണ-വികര്‍ഷണങ്ങള്‍ വേലിയേറ്റയിറക്കങ്ങള്‍ക്കും കാരണമാകുന്നു. തിഥിയെ 15 ദിവസം കൂടുന്ന രണ്ടു പക്ഷമായി കണക്കാക്കുന്നു. കൃഷ്ണപക്ഷവും ശുക്ലപക്ഷവും അഥവാ കറുത്തപക്ഷവും വെളുത്തപക്ഷവും എന്നറിയപ്പെടുന്നു. രണ്ടുപക്ഷവും ചേര്‍ന്നാല്‍ ചന്ദ്രമാസവും 12 ചന്ദ്രമാസങ്ങള്‍ ചേര്‍ന്നാല്‍ ചന്ദ്രവര്‍ഷവുമാകും. വടക്കേ ഇന്ത്യയില്‍ ജന്മദിനങ്ങള്‍ കണക്കാക്കുന്നത് തിഥിയെ ആശ്രയിച്ചാണ്. യഥാര്‍ത്ഥത്തില്‍ ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാന്‍ 27.3 ദിവസമാണാവശ്യം. അമാവാസി സമയം എന്നാല്‍ ചന്ദ്രന്‍ സൂര്യനോടടുത്തു നില്‍ക്കുന്ന സമയമാണ്. ഈ സമയം ചന്ദ്രന്റെ ശക്തി ക്ഷയിക്കുന്നു. പൗര്‍ണ്ണമിയില്‍ ചന്ദ്രന്‍ സൂര്യനില്‍ നിന്നകലുന്നു. ഈ സമയം ചന്ദ്രന് ബലം വര്‍ദ്ധി ക്കുന്നു. ചന്ദ്രന്റെ ഗതിവിഗതികള്‍ നിരന്തരം മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കും.
വൈശാഖമാസമെന്നത് മലയാള മാസമായ മേടം, ഇടവം മാസം ചേര്‍ന്നുവരുന്ന സമയമാണ്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ തിഥിയാണ് അക്ഷയതൃതീയ.

ചൊവ്വാഴ്ചയും വെളുത്തപക്ഷത്തിലെ ചതുർത്ഥിയും ചേർന്നുവന്നാൽ അത് ‘അക്ഷയ ചതുർത്ഥി’. ഞായറാഴ്ചയും കറുത്തവാവും ചേർന്നുവന്നാൽ അത് ‘അക്ഷയാമാവാസി’. ഈ ദിവസങ്ങളിലും മേടത്തിലെ അഥവാ വൈശാഖമാസത്തിലെ വെളുത്തപക്ഷ തൃതീയ എന്ന ‘അക്ഷയ തൃതീയ’ ദിവസവും ദേവപ്രീതിയ്ക്കും മറ്റ് പുണ്യകർമ്മങ്ങൾക്കും അത്യുത്തമം തന്നെയാകുന്നു. അഥവാ അക്ഷയമായ പുണ്യം തലമുറകൾക്ക് ലഭിക്കുമെന്ന് സാരം.

അക്ഷയതൃതീയ ദിവസം സ്നാനവും പ്രാർത്ഥനയും ദാനവുമാണ് പറഞ്ഞിട്ടുള്ളത്. ഒരൊറ്റ ഗ്രന്ഥങ്ങളിലും അന്നേ ദിവസം സ്വർണ്ണം വാങ്ങണമെന്ന് പറഞ്ഞിട്ടുമില്ല.

കൃതായുഗവും ത്രേതായുഗവും ദ്വാപരയുഗവും പിന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലിയുഗവും ചേര്‍ന്നുള്ള ചതുര്‍യുഗങ്ങള്‍ ആരംഭിച്ചത് രാശിചക്രത്തിലെ ആദ്യ മാസമായ മേടത്തിലെ ശുക്ലപക്ഷത്തിലെ പ്രഥമ തിഥിയില്‍ ആയിരുന്നു. അല്ലാതെ ഇപ്പോൾ ചില സ്വര്‍ണ്ണക്കടക്കാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഈ യുഗങ്ങള്‍ ആരംഭിച്ചത് തൃതീയ തിഥിയില്‍ അല്ലേയല്ല.

വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി ഉപദേശിക്കുന്ന ഒരു കഥയുണ്ട്. അതിപ്രകാരമാകുന്നു:

“ഇന്ദ്രാ നീ ഒട്ടും വിഷമിക്കേണ്ടതില്ല. അക്ഷയതൃതീയയില്‍ യഥാവിധി സ്നാന, ദാന, വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും… ദേവദേവനായ പരമാത്മാവിന്‍റെ പ്രീതി ലഭിക്കും”

കലിക്ക് ഇരിക്കാൻ വേണ്ടി കലി ചോദിച്ചു വാങ്ങിയ ഇരിപ്പിടമാണ് സ്വര്‍ണ്ണം. സ്വർണ്ണത്തിലിരുന്ന് കലിയും കൂടെപ്പോരും. അങ്ങനെ മറ്റൊരു കഥയുംകൂടിയുണ്ട്.

അക്ഷയതൃതീയ ദിവസം നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത്?

രാവിലെ കുളിച്ച് ശുദ്ധമായി നിലവിളക്ക് കൊളുത്തി ഗണപതിയേയും മഹാലക്ഷ്മിയേയും മറ്റ് ഇഷ്ടദേവതകളേയും പ്രാര്‍ത്ഥിക്കണം . എന്നിട്ട് നമ്മുടെ കുടുംബത്തെ പട്ടിണിയില്ലാതെ കഴിയാനുള്ള പണത്തിന്‍റെ ബാക്കിയുണ്ടെങ്കില്‍ അതില്‍ നിന്നും കുറെ തുകയെടുത്ത് അനാഥാലയത്തിലോ കഴിക്കാന്‍ അരിയാഹാരമില്ലാതെ കഴിയുന്ന നിര്‍ദ്ധനരായ ജനങ്ങള്‍ക്കോ അല്ലെങ്കില്‍ അതുപോലെയുള്ള ആര്‍ക്കെങ്കിലുമോ കഴിയുന്ന സഹായം സകുടുംബമായി ചെന്ന് ചെയ്തുകൊടുക്കണം.

അക്ഷയമാകുന്ന അനുഗ്രഹങ്ങള്‍ ലഭിക്കാൻ അക്ഷയതൃതീയയിൽ സ്നാനം, പ്രാർത്ഥന, ദാനം എന്നിവ ചെയ്യണം. അർഹതയുള്ളവർക്ക് കഴിയുന്നത്ര സഹായം ചെയ്യുന്നത് നമ്മുടെ ഏഴ് തലമുറകൾക്ക് നന്മ വരുത്തും.

അക്ഷയതൃതീയ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമ ജയന്തിയോട് അനുബന്ധിച്ചാണ് വരുന്നത്. അക്ഷയതൃതീയ ദിവസം അല്ലെങ്കിൽ അതിന്റെ തലേന്നായിരിക്കും ജയന്തി. അതിനാൽ അക്ഷയതൃതീയ പരശുരാമന്റെ ജന്മദിനമായും കണക്കാക്കുന്നു. പുരാണത്തില്‍ പല സന്ദർഭങ്ങളിലും അക്ഷയതൃതീയയെക്കുറിച്ച് പരാമർശമുണ്ട്. കുബേരന് തന്റെ സമ്പത്ത് തിരികെ ലഭിച്ച ദിനമായും ശ്രീകൃഷ്ണൻ സുദാമാവിന് (കുചേലൻ) എല്ലാ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ച ദിവസമായും പാർവതീ ദേവിഅന്നപൂർണ്ണാ ദേവിയായി അവതരിച്ച നാളായും വേദവ്യാസൻ മഹാഭാരതം എഴുതിയെടുക്കാൻ ഗണപതി ഭഗവാന് വർണ്ണിച്ചു കൊടുത്ത ആദ്യ ദിവസമായും ദ്രൗപതിക്ക് ശ്രീകൃഷ്ണൻ അക്ഷയ പാത്രം സമ്മാനിച്ച ദിവസമായും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ദിവസമായും അക്ഷയതൃതീയ കരുതപ്പെടുന്നു. ഇനി മറ്റൊന്ന്.. ബലഭദ്രന്‍ ജനിച്ച ദിവസം കൂടിയാണ് അക്ഷയ തൃതീയ ദിനം. ഇന്നേ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും വളരെ പ്രാധാന്യമുള്ളതാണ്. വിഷ്ണുധര്‍മ്മ സൂത്രത്തിലാണ് അക്ഷയ തൃതീയയെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് ഉപവസിക്കുകയും വിഷ്ണു ദേവന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയ ശേഷം ദാനം ചെയ്യുകയും വേണമെന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്.
മുഹൂര്‍ത്തം നോക്കാതെ ഏത് മംഗള കാര്യവും ചെയ്യാന്‍ പറ്റിയ ദിവസമാണ് അക്ഷയ തൃതീയ.

പിതൃപ്രീതി കര്‍മ്മങ്ങള്‍ക്ക് പറ്റിയ ദിവസമാണ് ഇത്. ഭാരതത്തില്‍ പലയിടത്തും സ്‌നാനഘട്ടങ്ങളില്‍ ബലികര്‍മ്മം നടന്നു വരുന്നു. വര്‍ഷത്തിലെ ഏറ്റവും ആദരണീയമായ തിഥികളില്‍ അക്ഷയതൃതീയ ഉള്‍പ്പെടുന്നു. ദേവന്മാര്‍ക്കുപോലും ഈ ദിനം വന്ദനീയമാണ്. അഞ്ച് യവംകൊണ്ട് ഹോമം നടത്തി വിഷ്ണുവിന് അര്‍പ്പിക്കുകയും പണ്ഡിതന്മാര്‍ക്ക് ദാനം നല്‍കുകയും വേണം. ദാനധര്‍മ്മാദികള്‍ ചെയ്ത് അന്നേദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.

ലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയും ശിവപാർവ്വതിമാരെയുമാണ് ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത്. വീട്ടിൽ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തിവച്ച് ലക്ഷ്മി, വിഷ്ണു, പാർവതി, ശിവ, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം.വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയ തൃത്രീയ ദിവസം പ്രാർത്ഥിച്ചാൽ നമ്മുടെ മനം നിറയുന്ന തരത്തിൽ ഭാഗ്യവർദ്ധനവ് ഉണ്ടാകും.

ലക്ഷ്മിക്ക് മുന്നിൽ ചുവന്ന പൂക്കളും കുങ്കുമപ്പൂക്കളും ചുവന്ന പട്ടും വച്ച് പ്രാർത്ഥിച്ചാൽ എല്ലാ സാമ്പത്തിക ദുരിതങ്ങളും ഒഴിഞ്ഞു പോകും. വിഷ്ണുവിനും ലക്ഷ്മിക്കും തുളസിയില അർച്ചിച്ച് പൂജിച്ചാൽ ഐശ്വര്യവും ഭാഗ്യവർദ്ധനവും ഉണ്ടാകും. ശിവ പാർവ്വതിമാരെ പൂജിച്ചാൽ കുടുംബത്തിൽ ഐശ്വര്യം നിറയും. ഈ ദിവസം അന്നദാനം നടത്തുന്നതും ധാന്യങ്ങളും വസ്ത്രങ്ങളും അഗതികൾക്ക് ദാനം ചെയ്യുന്നതും അത്യുത്തമമാണ്. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രത്തിൽ പോയി ആരാധന നടത്താൻ കഴിയാത്തതിൽ ആരും വിഷമിക്കേണ്ട . വീട്ടിലിരുന്നു തന്നെ ആത്മാർത്ഥമായി ഭജിക്കുക. ലക്ഷ്മീ നാരായണനും മഹാദേവനും പാർവ്വതിയും തീർച്ചയായും നമ്മെ അനുഗ്രഹിക്കും.🙏

COMMENT ON NEWS

Please enter your comment!
Please enter your name here