തൃശൂരില്‍ പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ല. രോഗം സ്ഥിരീകരിച്ച 13 പേരും രോഗവിമുക്തി നേടി. നിലവിൽ 747 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ലോക്ക് ഡൌണിൽ ഇളവുകൾ നൽകിയെങ്കിലും ജാഗ്രത ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത് തൃശൂരിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത് ജനുവരി 30ന്. അന്ന് മുതൽ ഇന്ന് വരെ 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഫെബ്രുവരി 20ന് പെൺകുട്ടി രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടാം ഘട്ടത്തിൽ മാർച്ച് 12നാണ് രോഗം സ്ഥിരീകരിക്കുന്നത്. ഒടുവിൽ തൃശൂരിൽ ഏപ്രിൽ 8നാണ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം രണ്ടാഴ്ചയായി ജില്ല കോവിഡ് മുക്തമായി തുടരുകയാണ്. എങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ 736 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 747 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ഇതുവരെ 991 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 958 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 33 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ഓറഞ്ച് സോണിൽ ഉൾപ്പെടുന്ന ജില്ലയിൽ ലോക് ഡൗണിൽ ഇളവുകൾ നൽകിയിട്ടുണ്ട്. സർക്കാർ നിർദേശം പൂർണ്ണമായി പാലിച്ചാണ് ഇളവുകൾ നടപ്പിലാക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പടെ പോലീസ് പരിശോധന കർശനമായി തന്നെ തുടരുകയാണ്. ഇളവുകൾക്ക് ഇടയിലും ജാഗ്രതയോടെയാണ് ജില്ലാ മുന്നോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here