മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം; പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.

അബുദാബി: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസ്സമായ കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഒരോ മൃതദേഹത്തിനും വിമാനക്കമ്പനികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ നിന്നു പ്രത്യേകം അനുമതി വാങ്ങണമെന്ന പുതിയ നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചിരുന്നു.

മരണകാരണം കൊവിഡല്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കരുതെന്ന നിര്‍ദ്ദേശമാണ് നിലവിലുള്ളതെന്നാണ് ഗള്‍ഫ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. കൊവിഡ് ബാധിച്ചാണ് മരണമെങ്കിൽ മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന മാർഗ്ഗനിർദ്ദേശമാണ് ഇപ്പോൾ നിലവിലുള്ളത്. മറ്റ് കേസുകളിൽ വിലക്കില്ല എന്ന് വിദേശകാര്യമന്ത്രാലയം പറയുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രസ്താവനയോ മാർഗ്ഗനിർദ്ദേശമോ പുറത്തിറക്കിയിട്ടില്ല.ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിരവധി മലയാളികളുടെ മൃതദേഹങ്ങളാണ് ഇതിനകം മടക്കി അയച്ചത്.

അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 39,818ആയി. 234പേര്‍ മരിച്ചു. സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1172പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗികമായി നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ്. ട്രെയിനില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ തുടരും. ഒരു ടാക്‌സിയില്‍ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. എന്നാല്‍ ജലഗതാഗതം, ട്രാം, ഷെയര്‍ ടാക്‌സി എന്നിവ തല്‍ക്കാലം പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *