നാളെ അക്ഷയതൃതീയ; ഓൺലൈൻ ബുക്കിംഗിന് മികച്ച പ്രതികരണം

കൊച്ചി: കൊവിഡും ലോക്ക്ഡൗണും തിരിച്ചടിയായെങ്കിലും ഇക്കുറി അക്ഷയതൃതീയ്ക്ക് സ്വർണം വാങ്ങാൻ വ്യാപാരികൾ അവതരിപ്പിച്ച ഓൺലൈൻ ബുക്കിംഗ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾ. മികച്ച പ്രതികരണമാണ് ഓൺലൈൻ ബുക്കിംഗിന് ലഭിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർ‌ച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ ‘കേരളകൗമുദി”യോട് പറഞ്ഞു.

കാലങ്ങളായി അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങുന്നവരും പുതിയ ഉപഭോക്താക്കളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. വ്യാപാരികൾ മുന്നോട്ടുവച്ച ആകർഷക ഓഫറുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നു. സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരത്തിൽ എത്തിയത് ബുക്കിംഗിനെ ബാധിച്ചിട്ടില്ല. മികച്ച നിക്ഷേപമെന്ന രീതിയിലും ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നതിനാലും സ്വർണത്തിന് ഇപ്പോഴും ഡിമാൻഡ് ഉണ്ടെന്നതാണ് ബുക്കിംഗിലെ ട്രെൻഡ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വില്പനയെ ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിനാൽ, ഈ സൗകര്യം അക്ഷയതൃതീയ കഴിഞ്ഞാലും തുടരാൻ ഒട്ടേറെ വ്യാപാരികൾ ആലോചിക്കുന്നുണ്ട്.

പൊന്നിന് ഓഫർ മഴ

മലബാർ ഗോൾഡ്, കല്യാൺ ജുവലേഴ്‌സ്, ജോയ് ആലുക്കാസ്, ഭീമ തുടങ്ങി പ്രമുഖ സ്വർണാഭരണ ശാലകളെല്ലാം ഓൺലൈൻ ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.

 ബുക്ക് ചെയ്യുന്ന ആഭരണം പിന്നീട് കടകൾ തുറക്കുമ്പോൾ നേരിട്ട് ചെന്ന് വാങ്ങാം.

 സ്വർണം വീടുകളിൽ ഡെലിവറി ചെയ്യുന്ന സൗകര്യവും ചില സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്.

 മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ബുക്ക് ചെയ്‌ത വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം

 പണിക്കൂലിയിൽ ഇളവ്, ക്രെഡിറ്റ് കാർഡ് പർച്ചേസിന് കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളുമുണ്ട്.

ആശ്വാസ തൃതീയ

ഓരോ വർഷവും അക്ഷയതൃതീയ നാളിൽ വില്പന വളർച്ച ശരാശരി 25 ശതമാനമാണ്. കഴിഞ്ഞവർഷം ഏകദേശം 2,000 കിലോ സ്വർണം വിറ്റഴിഞ്ഞു. ഇതിന്റെ മൂല്യം 650 കോടി രൂപയോളമാണ്. ഇക്കുറി 800-1000 കോടി രൂപയുടെ കച്ചവടം പ്രതീക്ഷിച്ചിരിക്കേയാണ് കൊവിഡ് എത്തിയത്. ഓൺലൈൻ ബുക്കിംഗിന് ലഭിക്കുന്ന മികച്ച പ്രതികരണം വ്യാപാരികൾക്ക് താത്കാലിക ആശ്വാസമാകും.

പവൻ വില…. ₹34,000

സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് വില 4,250 രൂപയായി. പവന് വില 34,000 രൂപ. എന്നാൽ, വിലവർദ്ധന ബുക്കിംഗിനെ ബാധിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. സ്വർണനാണയം, കമ്മലുകൾ, മൂക്കുത്തി, മോതിരം തുടങ്ങിയവയ്ക്കാണ് ഡിമാൻഡ് കൂടുതൽ..

guest
0 Comments
Inline Feedbacks
View all comments