തൃശൂര്‍ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളുടെ അണുനശീകരണത്തിനും വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാനും തയ്യാറായി സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 റോബോട്ട്. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്. മെഡിക്കൽ കോളേജിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ റോബോട്ട് സ്വിച്ച് ഓൺ ചെയ്തു. കോവിഡ് വാർഡ് പരിപൂർണ്ണമായും മനുഷ്യസഹായമില്ലാതെ അണുവിമുക്തമാക്കാൻ ഈ റോബോട്ടിന് കഴിയും.

കോവിഡ് രോഗബാധിതരെ ചികിത്സിക്കാൻ പി പി ഇ കിറ്റ് ധരിക്കുന്നവരെ പമ്പ് ഉപയോഗിച്ചാണ് ഇപ്പോൾ സാനിറ്റൈസ് ചെയ്യുന്നത്. ഇതൊഴിവാക്കാൻ ഈ റോബോട്ടിന്റെ സഹായം തേടാം. ഒരു വലിയ പ്രദേശം കുറഞ്ഞ സമയത്തിനുള്ളിൽ അണുവിമുക്തമാക്കാനും സാനിറ്റൈസർ കുഞ്ഞപ്പന് കഴിയും. ഏതു ദിശയിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിന്റെ നോസിൽ രണ്ട് മീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 27 കിലോഗ്രാം വരെ താങ്ങാനും ഇതിന് കഴിവുണ്ട്. അതിനാൽ രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും പ്രയാസമില്ല. ഒരേ നെറ്റ് വർക്കിലുള്ള ഏത് കമ്പ്യൂട്ടറിൽ നിന്നും സ്മാർട്ട് ഫോണുകളിൽ നിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാൻ കഴിയും. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. വൈഫൈ സംവിധാനം ഉപയോഗിച്ചും റോബോട്ടിനെ നിയന്ത്രിക്കാം.

ഏതൊരാൾക്കും അനായാസേന ഈ സാനിറ്റൈസർ കുഞ്ഞപ്പനെ പ്രവർത്തിപ്പിക്കാം. രോഗികളെ സ്‌ക്രീൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമായി ലൈവ് വീഡിയോ സ്ട്രീമിംഗ് സംവിധാനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സാനിറ്റൈസർ നിറയ്ക്കാനുള്ള ടാങ്കിന്റെ പരമാവധി കപ്പാസിറ്റി ആറ് ലിറ്ററാണ്. ഇതുപയോഗിച്ച് 20 മുതൽ 25 മിനിറ്റ് വരെ സാനിറ്റൈസ് ചെയ്യാൻ കഴിയും. ഒരു പരിധിവിട്ട് മർദ്ദം കൂടിയാൽ സാനിറ്റൈസിങ് യൂണിറ്റ് താനെ നിൽക്കും. 12,000 രൂപയാണ് ഒരു റോബോട്ടിനുള്ള നിർമ്മാണച്ചെലവ്. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാവുന്ന രീതിയിൽ ഓപ്പൺ സോഴ്സ് പ്രോജക്ടായാണ് ഇവനെ രൂപകല്പന ചെയ്തിട്ടുള്ളത്. എഞ്ചിനീറിങ് കോളേജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകനായ അജയ് ജെയിംസിന്റെ കീഴിൽ സൗരവ് വിഎസ്, അശ്വിൻ കുമാർ, പ്രണവ് ബാലകൃഷ്ണൻ, ചെറിയാൻ ഫ്രാൻസിസ് എന്നിവരാണ് കെജിഎംഒ എ യുടെയും കോളേജ് പി ടി എ യുടെയും സഹകരണത്തോടെ റോബോട്ടിനെ നിർമ്മിച്ചത്. മെഡിക്കൽ കോളേജിന് ഇതിനുമുൻപ് വിസ്‌ക്കും, എയറോസോൾ ബോക്സുകളും സമ്മാനിച്ചതും ഇതേ സംഘങ്ങൾ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here