ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിലേക്ക് ഓൺലൈൻ വഴിയുള്ള കാണിക്ക സമർപ്പണം (ഇ ഹുണ്ടിക) തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും വരുമാനത്തിൽ വന്‍ കുറവ്. പത്തുദിവസം കഴിഞ്ഞപ്പോൾ ആകെ ലഭിച്ചത് 22,840 രൂപ മാത്രം. വിഷുദിനത്തിലാണ് ഇത് ആരംഭിച്ചത്. ആദ്യദിവസം കിട്ടിയത് 2150 രൂപയായിരുന്നു. അടുത്ത രണ്ടുദിവസങ്ങളിലായി 900 രൂപയും ലഭിച്ചു. അതേസമയം ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഭക്തർക്ക് നേരിട്ടുവന്ന് കാണിക്കയിടാനാണ് താത്‌പര്യമെന്നാണ് ഇ ഹുണ്ടികയുടെ വരുമാനം സൂചിപ്പിക്കുന്നത്.

ഗുരുവായൂരിലെ ഭണ്ഡാരത്തിൽ പ്രതിമാസം നാലുമുതൽ അഞ്ചുകോടി വരെയാണ് വരുമാനം ലഭിക്കാറ്. കറൻസികൾക്കു പുറമേ, സ്വർണം-വെള്ളി ഉരുപ്പടികളും ഭക്തർ കാണിക്കയിടാറുണ്ട്. ക്ഷേത്രത്തിലേക്കു വരാൻ പ്രയാസമുള്ളവർക്കും ദൂരദിക്കുകളിലുള്ളവർക്കും സൗകര്യം എന്ന നിലയ്ക്കാണ് ദേവസ്വം ഇ ഹുണ്ടിക തുടങ്ങിയത്. ലോക്ഡൗൺ കാലത്ത് ഗുരുവായൂരിലേക്ക് വരാൻ സാധിക്കാത്ത ഭക്തർക്കും ഇത് പ്രയോജനമാകുമെന്നാണ് കരുതിയത്. പക്ഷേ, ഗുരുവായൂരപ്പനു മുന്നിൽ പ്രാർഥിച്ച് ഭണ്ഡാരത്തിൽ നേരിട്ട് പണം നിക്ഷേപിക്കുന്നതിന് പകരമാവാൻ ഇ ഹുണ്ടികയ്ക്ക് കഴിയില്ലെന്നാണ് ഭക്തരുടെ പൊതു അഭിപ്രായം. ഭക്തജനങ്ങൾ ഇ ഹുണ്ടിക അറിഞ്ഞുവരുന്നതേയുള്ളൂവെന്നും അതുകൊണ്ടാണ് വരവ് കുറയുന്നതെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി. ഭാവിയിൽ ഇ ഹുണ്ടിക അനിവാര്യമായി വരുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ. 100, 200, 500 എന്നിങ്ങനെ സംഖ്യകൾ ഓൺലൈൻ ആയി അയയ്ക്കാം. തുക ഭണ്ഡാരം കണക്കിലേക്കാണ് വരവുവെയ്ക്കുക.

കൊറോണജാഗ്രത കാരണം കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഭണ്ഡാരം എണ്ണൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. കൂട്ടംകൂടിയിരുന്ന് എണ്ണാൻ പാടില്ലെന്നു മാത്രമല്ല, പല രാജ്യങ്ങളിൽനിന്നുള്ളവർ സമർപ്പിച്ച കറൻസികൾ ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിച്ചേ തുറക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here