കോവിഡ് ഭീതിയിൽ എല്ലാം അടച്ചുപൂട്ടി നിൽക്കുന്ന കാലത്താണ് വിഷ്ണു ഭഗവാന് ഏറ്റവും വിശേഷപ്പെട്ട പുണ്യമാസമായ വൈശാഖമാസവും വിശുദ്ധ റംസാൻ മാസവും ഇന്ന് തുടങ്ങുന്നു.

മാധവന് പ്രിയങ്കരമായതിനാല്‍ “മാധവ മാസം” എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ മഹാവിഷ്ണു., ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം.
വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ കാലത്ത്‌ പുണ്യകർമ്മങ്ങൾക്കും വിഷ്ണു ഉപാസനയ്ക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഇക്കാലയളവിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. അനുഷ്ഠാനങ്ങളിൽ സ്നാനവും ജപവും ദാനവും പ്രധാനമാണ്.

അതുപോലെതന്നെ ഇന്നലെ കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് ഇന്ന് വിശുദ്ധ റംസാൻ വ്രതാരംഭം. ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത് ആകാശവും ഭൂമിയും ഒരു റമദാനെകൂടി വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. .

സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാൻ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താർ, ജുമാ നമസ്കാരം എന്നിവ വേണ്ടെന്നുവെക്കാൻ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് വഴി തീരുമാനിക്കുകയായിരുന്നു. ദിവസം തോറും വ്രതാവസാനം വൈകിട്ടോടെ നടക്കുന്ന തറാവീഹ് നമസ്കാരങ്ങളും വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം. “റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികൾ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നിൽ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്”, എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here