ന്യൂഡൽഹി: ടെലികോം മേഖലയിലെ വമ്പൻമാരായ ​റിലയൻസ്​ ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കി ഫേസ്​ബുക്ക്​. 5.7 ബില്യൺ യു.എസ്​ ഡോളറി​​ന്‍റെതാണ്​ (43,574 കോടി രൂപ) ഇടപാട്​. സമൂഹമാധ്യമങ്ങളിലെ അതികായരായ ഫേസ്​ബുക്കുമായുള്ള ഇടപാടിലൂടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാ​ങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നി​ക്ഷേപമാണിതെന്ന്​ റിലയൻസ്​ വ്യക്തമാക്കി.

ADVERTISEMENT

ചൈനക്ക്​ ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റർനെറ്റ്​ വിപണിയായ ഇന്ത്യയിൽ ശക്തമയ ഇടപെടൽ നടത്താൻ പുതിയ ഇടപാടിലൂടെ ഫേസ്​ബുക്കിനാവും. അതിനാൽ തന്നെ ഫേസ്​ബുക്കിനും ജിയോക്കും ഈ ഇടപാട്​ ഏറെ ഗുണകരമാണ്​. നിലവിൽ 400 മില്യൺ ഡോളറിൽ പരം വാട്​സ്​ആപ്പ്​ ഉപഭോക്താക്കൾ ഫേസ്​ബുക്കിന്​ സ്വന്തമാണ്​. വാട്​സ്​ആപ്​ ഓൺലൈൻ പേയ്​മെന്‍റ് സംവിധാനം തുടങ്ങാനൊരുങ്ങുന്നുവെന്ന വാർത്തയ്ക്കിടയിലാണ്​ ജിയോയുമായുള്ള വൻ സാമ്പത്തിക ഇടപാട്​ നടന്നിരിക്കുന്നത്​.

ജിയോ രാജ്യത്ത് ഉണ്ടാക്കിയ നാടകീയമായ പരിവർത്തനം തങ്ങളിൽ സൃഷ്ടിച്ച ആവേശവും തങ്ങൾക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയുമാണ് ജിയോയിൽ തങ്ങൾ നടത്തിയ നിക്ഷേപം അടിവരയിടുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. തുടങ്ങിയിട്ട് നാല് വർഷത്തിനുള്ളിൽ തന്നെ 388 മില്യൺ ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ ജിയോക്ക് സാധിച്ചുവെന്നും റിലയൻസ് ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here