ഗുരുവായൂർ: കോവിഡ് 19ൽ നിന്നുളള സുരക്ഷ മാത്രമല്ല, കുടുംബസുരക്ഷിതത്വത്തിലേക്കുളള മടക്കയാത്രയ്ക്ക് വഴിയൊരുക്കുകയാണ് ലോക്ക് ഡൗൺ ക്യാമ്പുകൾ. വർഷങ്ങളായി നാടും വീടും ഉപേക്ഷിച്ച് തെരുവിലിറങ്ങിയ പലരും തിരികെ കുടുംബത്തിന്റെ തണൽ തേടിയുളള മടക്ക യാത്രയൊരുങ്ങുന്നതിന്റെ കാഴ്ചകളാണ് പല ക്യാമ്പുകളിലും. അങ്ങനെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഗുരുവായൂർ ജിയുപി സ്‌കൂൾ ക്യാമ്പിലെ അന്തേവാസിയായ ഇരുപത്തിയെട്ടുകാരൻ റിയാസ്.

ആറ് മാസം മുൻപാണ് ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തെ പാതിവഴിയിലാക്കി മലപ്പുറം തിരൂർ ചെമ്പ്ര ചെറിയമുണ്ടം സ്വദേശിയായ റിയാസ് വീടുവിട്ടറങ്ങിയത്. ഗുരുവായൂർ ക്ഷേത്രപരിസരത്തും ബസ് സ്റ്റാൻഡിലും അലഞ്ഞ് തിരിഞ്ഞ് കഴിഞ്ഞിരുന്ന റിയാസിനെ കോവിഡ് 19 സുരക്ഷയുടെ ഭാഗമായാണ് ഗുരുവായൂർ നഗരസഭ ജിയുപി സ്‌കൂളിൽ തുടങ്ങിയ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിലെ അന്തേവാസികൾക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിന് കൗൺസിലിംഗ് നടത്തി. കൗൺസിലിംഗ് കഴിഞ്ഞതോടെ അന്തേവാസികളിൽ പലർക്കും വീടുകളിലേക്ക് തിരിച്ച് പോകണമെന്ന തോന്നലുണ്ടായി. നഗരസഭാ അധികൃതരെ ആവശ്യമറിയിച്ചു. ഇങ്ങനെ ആവശ്യമറിയിച്ചവരിൽ ഒരാളായിരുന്നു റിയാസ്.

തുടർന്ന് ഗുരുവായൂർ നഗരസഭാ അധികൃതരുടെ മുൻകൈയ്യിൽ തിരൂരിലെ സന്നദ്ധ പ്രവർത്തകൻ സുരേഷ്ബാബു റിയാസിനെ വീട്ടിലെത്തിച്ചു. ഗുരുവായൂർ നഗരസഭയുടെ മൂന്ന് ക്യാമ്പുകളിൽ നിന്നായി 4 പേരാണ് ഇതിനകം സ്വന്തം വീടിന്റെ തണൽ തേടി തിരികെ പോയത്. സുരക്ഷാ ക്യാമ്പുകളിൽ നടത്തുന്ന കൗൺസിലിംഗ് നിരവധി കുടുംബങ്ങൾക്ക് ഇത്തരത്തിൽ വലിയ ആശ്വാസമാവുകയാണ്. ഒരിക്കലും കാണില്ലെന്ന് കരുതിയിരുന്ന പ്രിയപ്പെട്ടവർ തിരികെയെത്തുന്നതിന്റെ ആഹ്ലാദം പലകുടുംബങ്ങളിലും നിറയുന്നു. അമ്പത് കൊല്ലമായി വീട് വിട്ട് കഴിയുന്ന പെരുമ്പാവൂർ സ്വദേശിനി റോജയും ലോക്ക്ഡൗൺ തീരാനുളള കാത്തിരിപ്പിലാണ്. തന്നെ വീട്ടിൽ വിടണമെന്ന് റോജയും നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. ഗുരുവായൂർ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here