ഇന്നത്തെ തലമുറക്ക് അത്രക്ക് സുപരിചതമാവില്ല ഈ കവറും സ്റ്റാമ്പുകളും. എന്നാൽ ലാൻഡ് ഫോൺ പോലും വ്യാപകമല്ലാത്ത കാലത്ത് ഇങ്ങനെ ഒരു കത്തു കൊണ്ട് പോസ്റ്റുമാൻ വരുന്ന നേരം ഒരു പ്രവാസിയുടെ വീട്ടിൽ ഒന്നടങ്കടം നിറയുന്ന ഒരു സന്തോഷമുണ്ട്. കത്തു പൊട്ടിക്കുന്ന നേരം പുറത്ത് വരുന്ന ഒരു ഗൾഫ് സുഗന്ധമു.ണ്ട് ആ സുഗന്ധം പോലും ആഘോഷമായിരുന്ന കാലം.

ADVERTISEMENT

പലപ്പോഴും രണ്ടും മൂന്നും ഷീറ്റ് പേപ്പറനികത്ത് പൊതിഞ്ഞ നിലയിൽ ഇരിക്കുന്ന ചെക്കോ ഡ്രാഫ്‌റ്റോ കാണും, അന്നേരമുണ്ടാവുന്ന സന്തോഷം ഇരട്ടിയാണ് . പോസ്റ്റ്മാൻ കത്ത് കൊണ്ടുവരുമ്പോൾ തന്നെ പതിവിൽ കൂടുതൽ കനം കവറിന് ഉണ്ടെങ്കിൽ അതിൽ ചെക്കോ ഡ്രാഫ്‌റ്റോ കാണുമെന്ന് ഉറപ്പാണ്. നീട്ടിയെഴുതിയ കത്തിന്റെ അവസാനം ഭാഗങ്ങളിൽ ആവും പലപ്പോഴും വീട്ടുകാരെ സന്തോഷത്തിലാക്കുന്ന മറ്റൊരു കാര്യം എഴുതിക്കാണുക. മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം നാട്ടിൽ വരാൻ ലീവ് കിട്ടുമെന്ന കാര്യം. പിന്നീട് വീട്ടുകാർക്ക് ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പാണ്.

നിനച്ചിരിക്കാത്ത നേരത്ത് രാത്രിയെന്നോ പട്ടാപ്പകലെന്നോ രാവിലെയെന്നോ ഇല്ലാതെ പ്രവാസി അംബാസഡർ കാറിൽ വീടിനു മുന്നിൽ പ്രത്യക്ഷപ്പെടും. സന്തോഷം അലതല്ലുന്ന നിമിഷങ്ങൾ. വീട്ടുകാരും അയൽക്കാരും ചുറ്റും ഓടിക്കൂടും. അംബാസഡർ കാറിന്റെ ഡിക്കി താഴ്ത്തിയടക്കാൻ കഴിയാത്തവിധത്തിൽ പെട്ടികളുണ്ടാവും. കാറിന് മുകളിൽ കൂടി കാണും പലരുടെയും ലഗേജുകൾ. ഒരു രാജാവിനെ പോലെയാണ് നാട്ടിലെത്തുന്ന പ്രവാസി വീട്ടിലേക്കു കയറുക. പുറത്ത് കവലയിൽ ഇറങ്ങിയാൽ ചായക്കടകളിൽ, ബാർബർ ഷോപ്പിൽ, പലചരക്കുകടയിൽ എല്ലാം ഒരു താരം കണക്കെ ആളുകൾ ചുറ്റും കൂടി നിന്ന് വിശേഷങ്ങൾ തിരക്കും.

തിളങ്ങുന്ന ലെതർ ചെരുപ്പിട്ട പ്രവാസിയിൽ നിന്ന് ബ്രുട്ട് പെർഫ്യുമും ട്രിപ്പിൾ ഫൈവ് സിഗരറ്റും ചേർന്നുള്ള ഒരു സുഗന്ധം പരക്കാനുണ്ട്.

കൊടുംചൂടിൽ ഉറ്റവരെ വിട്ട് പിരിഞ്ഞു അട്ടിയിട്ട ഒരു കട്ടിലിൽ സ്വന്തം ഇടം ഒതുക്കി മൂന്നും നാലും വർഷങ്ങൾ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചതിന്റെ ചില സന്തോഷ നിമിഷങ്ങളാണ് നാട്ടിലെത്തുന്ന പ്രവാസിക്കു ലഭിക്കുന്ന ഈ വരവേൽപും ചുറ്റുംകൂടുന്ന ചെറിയ ആൾക്കൂട്ടവുമെല്ലാം. വർഷങ്ങൾക്ക് ശേഷം അവർ ‘ജീവിക്കുന്ന’ ചില ദിവസങ്ങൾ മാത്രമായിരുന്നു അതെല്ലാം. അതിനുശേഷം വീണ്ടും അവർ യാത്രയാവും, വീണ്ടും എയർമെയിൽ കവറിൽ ആഴ്ച്ചകൾക്ക് ശേഷം എത്തിയ വിവരത്തിന് കത്ത് വരും.

ആയുസ്സിലെ സിംഹഭാഗവും ജനിച്ച നാട്ടിൽ നിന്ന് ഉറ്റവരെ വിട്ട് മറ്റൊരിടത്ത് ജീവിക്കേണ്ടി വന്നവർ, അവർ ഒരു ആയുസ്സിൽ എല്ലാം മറന്ന് ജീവിച്ചു കാണുക കൂടിപ്പോയാൽ രണ്ടോ മൂന്നോ വർഷങ്ങൾ ആയിരിക്കും. അങ്ങിനെയുള്ളവർ സ്വന്തം ജീവിതം തന്നെ നൽകി കെട്ടിപ്പടുത്ത സൗഭാഗ്യങ്ങളാണ് ഓരോ മലയാളിയും ഇതുവരെ ആസ്വദിച്ചത്.

കോവിഡ് മഹാമാരി ലോകം കീഴടക്കിയ ശേഷം ഇപ്പോൾ അവരെ ആർക്കും വേണ്ടാ… പ്രവാസിയെ കാണുമ്പോൾ ഭയമാണെല്ലാവർക്കും. ഇന്ന് അവരെത്തുന്ന നേരം എയർപോർട്ടിൽ വിളിക്കാൻ ആരുമെത്തുന്നില്ല. ആരവങ്ങളും ആഘോഷവുമുള്ള വീട്ടിലേക്കല്ല പ്രവാസി കയറിച്ചെല്ലുന്നത്. ക്വാറന്റെയ്ൻ കഴിഞ്ഞു പുറത്തിറങ്ങിയ പ്രവാസികൾ പോലും അനുഭവിക്കുന്നത് മാനസിക നില തെറ്റിക്കുന്ന സാമൂഹിക ആയിത്തമാണ്. വീട്ടുകാർ പോലും ഇങ്ങോട്ട് വരണ്ടാ എന്ന് പറഞ്ഞ അനുഭവങ്ങൾ പലരും വേദനയോടെ പങ്ക് വെക്കുന്നുണ്ട് . എല്ലാം മടുത്ത ഒരു സുഹൃത്ത് ഈയടുത്ത് പറഞ്ഞത് ഞങ്ങളെ പിറന്ന നാടിനും ഇവർക്കും വേണ്ടാ, ഞങ്ങൾക്ക് മുന്നിലുള്ളത് ഇനി കടലാണ് എന്നാണ്.

തങ്ങൾക്ക് ഒരു ഉത്തരവാദിത്വവുമില്ലാത്ത ഒരു കാര്യത്തിന്റെ പേരിലാണ് പ്രവാസികൾ ക്രൂരമായ അവഗണനയും അകറ്റിനിർത്തലും നേരിടേണ്ടിവരുന്നത്. അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെ തടവറക്കുള്ളിൽ നിന്ന് ഉറ്റവരെയും ഉടയവരെയും കാണാനുള്ള പ്രവാസികളുടെ മോഹങ്ങൾക്കു മേൽ മണ്ണു വാരിയിടുന്നത് അവർ നികുതി നൽകി കൊഴുപ്പിച്ചെടുത്ത ഭരണകൂടങ്ങളും സംവിധാനങ്ങളുമാണ്. ‘കറവപ്പശു’ എന്ന വിശേഷണം എത്ര അർത്ഥഗർഭമാണെന്ന് പ്രവാസി തിരിച്ചറിയുന്നു.

ഈ സമയവും കടന്നുപോകും. മഹാമാരിയടങ്ങും. മനുഷ്യജീവിതം വീണ്ടും ഉയിർക്കും. പക്ഷേ, ഈ രോഗകാലം മനസ്സിൽ കോറിയിട്ട വിഷമത്തിന്റെ നഖക്ഷത്രങ്ങൾ എത്രകഴിഞ്ഞാലാണ് പ്രവാസിക്ക് മറക്കാൻ കഴിയുക?

കടപ്പാട്..

COMMENT ON NEWS

Please enter your comment!
Please enter your name here