കൊച്ചി∙ സ്പ്രിൻക്ലർ കരാറിൽ സംസ്ഥാന സർക്കാരിനു കടുത്ത മുന്നറിയിപ്പു നൽകി ഹൈക്കോടതി. ‘‘കോവിഡ് പകർച്ചവ്യാധി ഒഴിയുമ്പോൾ ഡേറ്റ പകർ‍ച്ചവ്യാധി ഉണ്ടാകരുത്, സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ശേഖരിക്കുന്ന ഒരു രേഖയും ചോരുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്.’’ – ഹൈക്കോടതി മുന്നറിയിപ്പു നൽകി. ഏതു സാഹചര്യത്തിലാണ് നിയമ വകുപ്പിന് ഫയൽ കൈമാറാതെ സർക്കാർ കരാറിൽ ഏർപ്പെട്ടത് എന്ന് വ്യക്തമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുണ്ടായാൽ അത് ന്യൂയോർക്കിലാക്കിയത് എന്തുകൊണ്ടെന്നതു വ്യക്തമാക്കണം. ഡേറ്റയുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങൾ ഇന്ത്യയിലുണ്ടായിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി എന്നും കോടതി വിമർശിച്ചു. നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് ഉൾപ്പെടെയുള്ളവ കരാർ വ്യവസ്ഥയിൽ ഉണ്ടെന്നു സർക്കാർ വിശദീകരിച്ചെങ്കിലും ഇത് സാധാരണ കരാറുകളിലുള്ള വ്യവസ്ഥയാണെന്നും അത് ലംഘിച്ചാൽ കേസ് നടത്താൻ സർക്കാർ ന്യൂയോർക്കിൽ പോകുമോ എന്നും കോടതി ആരാഞ്ഞു. ‘ഒരു വിവരച്ചോർച്ച ഉണ്ടായാൽ സാധാരണക്കാർ സംസ്ഥാന സർക്കാരിനെയാകും പ്രതിക്കൂട്ടിലാക്കുക. അവർക്ക് ന്യൂയോർക്കിൽ പോയി കേസ് നടത്താൻ പറ്റുമോ? ആരോഗ്യ വിവരങ്ങളുടെ സ്വകാര്യത ഏറെ പ്രധാനപ്പെട്ടതാണ്. ചോരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തവും.’ – കോടതി വ്യക്തമാക്കി.

ADVERTISEMENT

രാവിലെ കേസ് പരിഗണിച്ചപ്പോൾ സ്പ്രിൻക്ലർ വെബ്സൈറ്റിലൂടെ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ സുരക്ഷിതമാണെന്നതിൽ സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. ബുധനാഴ്ച ഇതു സംബന്ധിച്ച വിശദീകരണം നൽകാമെന്ന സർക്കാർ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ഉടൻ വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചു. തുടർന്ന് വീണ്ടും ഹർജി പരിഗണിച്ച കോടതി തുടർവാദത്തിനു ശേഷം കേസ് 24ന് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു.

സ്പ്രിൻക്ലർ സോഫ്റ്റ്‌വെയറിലൂടെ നിർണായകമായ ഒരു ഡേറ്റയും ശേഖരിക്കുന്നില്ല എന്ന വാദമാണ് സർക്കാർ ആദ്യം കോടതിയിൽ ഉയർത്തിയത്. എന്തുകൊണ്ട് ഈ കമ്പനിയെ കരാർ എൽപ്പിച്ചുവെന്ന ചോദ്യത്തിന് അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടതിനാലാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാരിനു പെട്ടെന്ന് എടുക്കേണ്ടി വന്നതെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വിശദീകരണം. 80 ലക്ഷം പേരുടെ വിവരങ്ങൾ വിശകലനം ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങൾ ഇത്ര വലിയ ഡേറ്റ വിശകലനത്തിന് പര്യാപ്തമല്ലാത്തതിനാലാണ് കരാർ സ്പ്രിൻക്ലറിനെ ഏൽപിക്കേണ്ടി വന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തിൽ സ്പ്രിൻക്ലറിന്റെ സേവനം എടുത്തത് എന്തിനെന്നു ചോദിച്ച കോടതി ഇപ്പോഴും സ്പ്രിൻക്ലർ മുഖേന ആണോ ഡേറ്റ കൈകാര്യം ചെയ്യുന്നതെന്നും ആരാഞ്ഞു.

സ്പ്രിന്‍ക്ലറിനെതിരെ യുഎസിൽ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകകനായ ബാലു ഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാർ സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഫൊറന്‍സിക് ഓഡിറ്റ് നടത്തണം, ഇതുവരെ ശേഖരിച്ച ഡേറ്റ സ്പ്രിന്‍ക്ലറിന് കൈമാറരുത്, കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ പൊതു താൽപര്യ ഹർജിയിൽ ഉയർത്തിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here