പാചക രംഗത്തെ പ്രമുഖ യൂ ട്യൂബ് ചാനലായ ‘വീണാസ് കറി വേൾഡിന്റെ’ വീണയെ കുറിച്ച്…
“എഞ്ചിനീയറായിട്ട് അവള് കഞ്ഞീം കറീം വെച്ച് കളിക്കുകയാണ്. ഇതൊക്കെ ആര്‍ക്കാണ് അറിയാത്തത്…” പരിഹാസവും കളിയാക്കലുകളും കേട്ടു കേട്ടു വളര്‍ന്ന് പടര്‍ന്ന് യൂ ട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ കരസ്ഥമാക്കിയ മലയാളി വീട്ടമ്മയായ വീണ ജാനിനെ അറിയാത്ത വീട്ടമ്മമാര്‍ കുറയും. പാചകം പരീക്ഷണമായി കരുതിയിരുന്നവരിലേക്ക് തന്റെ രുചിക്കൂട്ടുകളിലൂടെ പാചക കലയുടെ സൗന്ദര്യം പറയുന്ന വീണയുടെ കഥ കല്യാണശേഷം കുഞ്ഞിനെനോക്കി വീട്ടിലൊതുങ്ങിപ്പോയെന്ന് വിതുമ്പുകയും വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കൊരു വഴികാട്ടിയാണ്….
പെരിഞ്ഞനത്തുകാര്ക്കൊക്കെ ഏറെ പരിചിതമായ വീണമോള് ബസ്സുകളുടെ ഉടമ ഈഴുവൻപറമ്പിൽ ജനാര്‍ദ്ദനന്റെയും യശോദയുടെയും ഏകമകളായാണ് വീണയെന്ന് വിളിക്കുന്ന പ്രവീണയുടെ ജനനം. വീടിനടുത്തുതന്നെയുള്ള അയ്യപ്പന് മെമ്മോറിയല്‍ എല്‍.പി. സ്കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. തുടര്‍ന്ന് അമ്മ അധ്യാപികയായിരുന്ന പെരിഞ്ഞനം ആര്.എം.വി.എച്ച്.എസ്. സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ പ്രീഡിഗ്രിക്കാലം കഴിഞ്ഞ് ദിണ്ഡിഗലിലെ ആര്.വി.എസ്. എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ന്ന് ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ പഠിച്ചു. ആര്.വി.എസ്. കോളേജിലെ എഞ്ചിനീയറിങ്ങ് പഠനകാലത്തുതന്നെയാണ് വീണയുടെ പാചക പരീക്ഷണങ്ങള്‍ തുടങ്ങുന്നത്. അസഹ്യമായ ഹോസ്റ്റല്‍ ഫുഡായിരുന്നു അതിന് വഴി തുറന്നത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീണ ആദ്യമായി ഒരു വിഭവം സ്വന്തമായി പാചകം ചെയ്തുണ്ടാക്കിയത്. റവ കിച്ചടി. ഒരിക്കല്‍ ഫാമിലി ഡോക്ടറുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ നിന്നായിരുന്നു വീണ ആദ്യം റവ കിച്ചടി കഴിച്ചത്. വീട്ടിലെത്തിയതും വീണ അമ്മയോട് പറഞ്ഞു. നമുക്ക് നാളെ റവ കിച്ചടിയുണ്ടാക്കാം. വേണമെങ്കില്‍ സ്വയം ഉണ്ടാക്കി തിന്നോ എന്ന അമ്മയുടെ സ്നേഹം പുരണ്ട ദേഷ്യത്തിന്റെ പുറത്ത് എങ്ങനെയൊക്കെയോ വീണ റവ കിച്ചടി ഉണ്ടാക്കിയെടുത്തു. നന്നായിട്ടുണ്ടല്ലോയെന്ന അച്ഛന്റെ സാക്ഷ്യപ്പെടുത്തല്‍ വീണ്ടും വീണ്ടും പാചക പരീക്ഷണങ്ങള്‍ നടത്താനുള്ള ഊര്‍ജ്ജം വീണയിലേക്ക് പകര്‍ന്നു. അച്ഛന് നല്ലത് പറഞ്ഞെങ്കിലും ആദ്യ പാചകത്തിന് അമ്മ പാസ് മാര്‍ക്കുപോലും തന്നില്ലെന്ന് വീണ ഓര്‍ക്കുന്നു. എന്നിരിക്കിലും പാചകത്തില്‍ അമ്മയാണ് വീണയുടെ ഗുരു. നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണ് വീണയുടെ അമ്മ. അമ്മ ഉരുട്ടിത്തന്ന ചോറും ചമ്മന്തിയുമാണ് വീണയുടെ ഇഷ്ട ഭക്ഷണം. ലോകത്തിന്റെ ഏത് കോണില്‍പോയി എന്തുകഴിച്ചാലും അമ്മ ഉരുട്ടിനല്‍കിയ ചോറിന്റെ രുചിക്ക് പകരമാകില്ല ഒന്നുമെന്ന് വീണ പറയുന്നു.
ചപ്പാത്തിപ്പോലും ഉണ്ടാക്കാനറിയാത്ത വീണ വായ്ക്ക് രുചിയായി എന്തെങ്കിലും കഴിക്കുന്നതിന് വേണ്ടിയായിരുന്നു എഞ്ചിനീയറിങ്ങ് പഠനകാലത്ത് കൂട്ടുകാരുമൊത്ത് കുക്കിങ്ങ് തുടങ്ങിയത്. ചപ്പാത്തിക്കൊപ്പം കഴിക്കാനായി ഉണ്ടാക്കിയിരുന്ന തക്കാളി ചട്ണി, തക്കാളിക്കറി, ഉരുളക്കിഴങ്ങ് കറി എന്നിവയായിരുന്നു സ്വന്തം റെസിപികള്‍ ഉപയോഗിച്ച് വീണ ആദ്യമൊരുക്കിയ കറികള്‍. ഒട്ടും രുചിയില്ലാതൊരുക്കിയ ആ കറികളൊക്കെയന്നത്തെ ഹോസ്റ്റല്‍ ഫുഡില്‍ നിന്നും ശരിക്കുമൊരു റിലാക്സേഷനായിരുന്നെന്ന് ഓര്‍ത്തെടുത്ത് വീണ ചിരിക്കുന്നു.
2002ല്‍ വീണ വിവാഹിതയായെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടില്ല. തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായമായിരുന്നു അതെന്ന് വീണ പറയുന്നു. നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം കൂട്ടുകാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹബന്ധം വേര്പെടുത്തിയവര്ക്കുള്ള മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതുവഴിയാണ് വീണയുടെ പുനര്‍ വിവാഹം നടന്നത്.
2006ല്‍ കുമ്പളപറസിൽ ജോഷി ഗോപാലൻ്റെയും ലേഖ ജോഷിയുടെയും മകനായ ജാന്‍ ജോഷിയുമായുള്ള വിവാഹശേഷം ദുബായിലെത്തിയപ്പോഴാണ് വീണ സീരിയസായി കുക്കിങ്ങിന്റെ ലോകത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അമ്മയുടെ കയ്യില്‍ നിന്നും കുറിച്ചെടുത്തുകൊണ്ടുവന്ന റെസിപ്പികളുപയോഗിച്ചാണ് തുടങ്ങിയത്. പരിപ്പുകറിയും സാമ്പാറുമൊക്കെത്തന്നെയായിരുന്നു ആദ്യത്തെ പാചക പരീക്ഷണക്കറികള്. പിന്നീട് പുസ്തകങ്ങളിലെ പാചകക്കുറിപ്പുകള്‍ നോക്കി പാകം ചെയ്യാന്‍ തുടങ്ങി എന്നാലത് വേണ്ടത്ര വിജയകരമായിരുന്നില്ല. തൃശൂര്‍ സ്റ്റൈലിലുള്ള കുക്കിങ്ങിക്കൊക്കെ ഒരുവിധം നന്നായിരുന്നെങ്കിലും അന്തര്‍ ജില്ലയിലേക്ക് കടക്കുമ്പോള്‍ നിരാശയായിരുന്നു ഫലം. അതോടെ അതുവിട്ടു. എന്നിരിക്കിലും ഒരിക്കല്‍ പരീക്ഷിച്ച് വിജയിച്ചവ തന്നെ വീണ്ടും ഉണ്ടാക്കുമ്പോള്‍ രുചി വ്യത്യാസങ്ങള്‍ വന്നത് വീണയ്ക്ക് വല്ലാത്ത തലവേദന സൃഷ്ടിച്ചു തുടങ്ങിയപ്പോഴാണ് വീണ താനുണ്ടാക്കുന്ന കറികളുടെ രുചിക്കൂട്ടും അളവുകളുമൊക്കെ ഡയറിയില്‍ എഴുതിവെക്കാന്‍ തുടങ്ങിയത്. അതുനോക്കി വീണ്ടും ഉണ്ടാക്കുമ്പോള്‍ രുചികള്‍ കൃത്യമായി വന്നു തുടങ്ങി. അതോടെ അഭിനന്ദിക്കാന്‍ ഭര്‍ത്താവ് ജാനും ലുബ്ധിച്ചില്ല.
പരീക്ഷിച്ചു വിജയിച്ച കറികളുടെ ഡയറിയിലെഴുതിവെച്ച കുറിപ്പുകളാണ് പിന്നീട് വീണ ബ്ലോഗാക്കി മാറ്റുന്നത്. ഭര്‍ത്താവ് ജാന്‍ ജോഷിയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്കൊട്ടും പരിചിതമല്ലാത്ത ബ്ലോഗെഴുത്തിന്റെ മേഖലയിലേക്ക് വീണ എത്തുന്നത്. ബ്ലോഗെഴുത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പറഞ്ഞു കൊടുത്തതിനപ്പുറം ഇക്കാര്യത്തില്‍ ജാന്‍ വീണക്കൊരു സഹായവും ചെയ്തിട്ടില്ല. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ എല്ലാം സ്വയം ചെയ്തു ശീലിക്കണം അല്ലെങ്കില്‍ എപ്പോഴും ആരെയെങ്കിലും ആശ്രയിച്ചുകൊണ്ടിരിക്കേണ്ടിവരും. അങ്ങനെയായാല്‍ ജീവിതത്തില്‍ എവിടെയും എത്തില്ലെന്നതായിരുന്നു ജാനിന് വീണക്ക് കൊടുക്കാനുണ്ടായിരുന്ന ഉപദേശം. ആദ്യമൊക്കെ ഇതിന്റെ പേരില്‍ പിണക്കങ്ങളും വഴക്കുമൊക്കെയുണ്ടായെങ്കിലും ജാനിന്റെ അടുത്തുനിന്നും സഹായമൊന്നും കിട്ടില്ലെന്ന് മനസ്സിലായതോടെ വീണക്ക് വാശി കയറി. അങ്ങനെ 2008ല്‍ വീണ ബ്ലോഗെഴുത്ത് തുടങ്ങി. കറിവേള്‍ഡ് എന്ന പേരില്‍. ഉണ്ടാക്കി വിജയിച്ച കറികളുടെ കുറിപ്പുകളായിരുന്നു കറിവേള്ഡില് വീണ കുറിച്ചുകൊണ്ടിരുന്നത്. ബ്ലോഗെഴുത്ത് തുടങ്ങി അഞ്ചാറ് മാസങ്ങള്‍ക്കുശേഷമാണ് വായനക്കാരില്‍ നിന്നും കമന്റുകള്‍ കിട്ടിത്തുടങ്ങിയത്. വീണയുടെ അവിയല്‍ ഉണ്ടാക്കി നോക്കി, സാമ്പാര്‍ ട്രൈ ചെയ്തു ഇനിയും ഇതുപോലുള്ള നല്ല രുചിക്കൂട്ടുകള്‍ പ്രതീക്ഷിക്കുന്നു എന്നൊക്കെയായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ലോകത്തിന്റെ പല കോണുകളില്‍ നിന്നും പരിചിതരല്ലാത്ത പലരും തന്ന ആ പ്രതികണങ്ങള്‍ വീണക്ക് വലിയ പ്രചോദനമായിരുന്നു.
ഭര്‍ത്താവ് ജാന്‍ ജോഷിയുടെ കൂട്ടുകാരനായിരുന്ന റിജുവാണ് യൂ ട്യൂബ് ചാനല്‍ എന്ന ആശയം ആദ്യമായി വീണയ്ക്ക് മുന്നിലേക്ക് വെക്കുന്നത്. ബ്ലോഗ് വായിച്ചു കറികളൊരുക്കുന്നതിലും ഫീല്‍ അതൊക്കെ കണ്ടുകൊണ്ട് ഉണ്ടാക്കുമ്പോഴാണെന്ന റിജുവിന്റെ വാക്കുകള്‍ സമ്മതിച്ചുകൊടുത്തെങ്കിലും സ്വന്തമായൊരു യു ട്യൂബ് ചാനലിനെ കുറിച്ച് വീണ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. ക്യാമറയെ ഫെയ്സ് ചെയ്ത് സംസാരിക്കുക എന്ന വലിയ വൈതരണി തന്നെയായിരുന്നു സ്വന്തം ചാനലെന്ന ആശയത്തില്‍ നിന്നും വീണയെ പിന്നോട്ട് വലിച്ചത്.എങ്കിലുമതൊരു ആശയമായി വീണ മനസ്സിലിട്ടു. പതിയെ പതിയെ കുക്കറി യൂ ട്യൂബ് ചാനലുകള്‍ വീണ കാണുവാന്‍ തുടങ്ങി. അങ്ങനെയാണ് വാഹ് ഷെഫ് എന്ന യൂ ട്യൂബര്‍ വീണയുടെ പ്രിയപ്പെട്ടതായത്. അദ്ദേഹത്തിന്റെ അവതരണമികവായിരുന്നു വീണയെ ആകര്‍ഷിച്ചത്. അതില്‍ വരുന്ന ഉത്തരേന്ത്യന്‍ റെസിപികളൊക്കെ വീണ പതിയെ ട്രൈ ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ചെന്നൈയിലുള്ള കൂട്ടുകാരി അനുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭര്‍ത്താവ് ജാനിന്റെ ആശിര്വദത്തോടെ വീണ സ്വന്തം യൂ ട്യൂബ് ചാനല്‍ വീണാസ് കറിവേള്‍ഡ് തുടങ്ങുന്നത്. ആദ്യകാലത്ത് ക്യാമറയെ ഫേസ് ചെയ്യുമ്പോഴേ വീണക്ക് ചിരിപൊട്ടും. അതോടെ പറയാന്‍ വിചാരിച്ചതൊക്കെ മറക്കും. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയ്ക്കീപ്പണി പറ്റില്ലെന്ന് മകന് കളിയാക്കാന്‍ തുടങ്ങിയതോടെ വാശി കയറി.
ഒരു ദിവസം മകന് ക്ലാസിലേക്കും ഭര്‍ത്താവ് ജോലിക്കും പോയ സമയത്ത് ധൈര്യം സംഭരിച്ച് വീണ ആദ്യത്തെ വീഡിയോ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തു. ഭര്‍ത്താവിന് കാണിച്ചുകൊടുത്തപ്പോള്‍ കുഴപ്പമില്ലെന്നും ഇത്രയും അധികനേരം സംസാരിക്കുന്നത് കേള്‍വിക്കാരില്‍ അരോചകമുണ്ടാക്കുമെന്നായിരുന്നു അഭിപ്രായം. അതുള്‍ക്കൊണ്ടുകൊണ്ട് വീണ്ടും വീണ്ടും ട്രൈ ചെയ്തു. ഒടുവില്‍ തൃശൂര്‍ മീന്‍ കറിയുണ്ടാക്കുന്ന വീഡിയോ ചെയ്ത് എഡിറ്റിങ്ങൊക്കെ നടത്തി വീണയത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. ആദ്യമൊന്നും അതിന് കാഴ്ച്ചക്കാരേ ഇല്ലായിരുന്നു. പിന്നീട് തന്റെ ബ്ലോഗില്‍ താനിങ്ങനൊരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ടെന്ന് വീണ കുറിച്ചതോടെ ചിലരൊക്കെ വന്ന് എത്തിച്ചുനോക്കി തുടങ്ങി. പക്ഷേ കമന്റുകളൊന്നും വന്നില്ല. പിന്നീടെപ്പോഴോ ആണ്ടിനും സംക്രാന്തിക്കുമെന്നപോലെ ചില മെസേജുകളും മെയിലുകളും വരാന്‍ തുടങ്ങി. അന്നൊക്കെ അതു വായിക്കുമ്പോള്‍ വീണക്ക് സന്തോഷം കൊണ്ട് കരച്ചില് വരുമായിരുന്നു. നല്ല കമന്റുകള്‍ക്കൊപ്പം നെഗറ്റീവ് കമന്റ്സുകളും ഏറെയായിരുന്നു. താന്‍ ഉപയോഗിച്ചിരുന്ന പഴയ പാത്രങ്ങളെ കുറിച്ചായിരുന്നു അവയിലേറെയും. നിനക്കൊന്നും വേറെ പണിയില്ലേടീ… തൂങ്ങിച്ചത്തൂടെടീ എന്നൊക്കെയുള്ള നെഗറ്റീവ് കമന്റ്സുകളും ഏറെയായിരുന്നു. അതൊക്കെ കണ്ട് ഏറെ വിഷമിച്ചിട്ടുണ്ട്. ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍ നെഗറ്റീവ് കമന്റ്സ് വായിക്കാനും നീ ബാദ്ധ്യസ്ഥയാണെന്നതായിരുന്നു ജാനിന്റെ മറുപടി. ആദ്യമൊക്കെ വീണ കമന്റുകള്‍ക്ക് മറുപടി കൊടുക്കുമായിരുന്നു. എന്നാല്‍ കമന്റുകള്ക്കുപോലും പലരും നെഗറ്റീവ് റിപ്ലെ തുടര്‍ന്നതോടെ മറുപടി പറയുന്ന പരിപാടി വീണയങ്ങ് നിര്‍ത്തി.
പുതിയ പാത്രങ്ങളൊന്നും വാങ്ങിത്തരില്ല ഉള്ളതുകൊണ്ടൊക്കെ ഒപ്പിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നെങ്കിലും ജാന്‍ ജോഷി വീണയ്ക്ക് പുതിയ പാത്രങ്ങളൊക്കെ വാങ്ങിക്കൊടുത്തുകൊണ്ട് വീണയ്ക്ക് സപ്പോര്‍ട്ടുമായി ഒപ്പം നിന്നു. സ്വതവേ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണെങ്കിലും ആദ്യകാലത്തെ വീണയുടെ വീഡിയോകളിലൊക്കെ സംസാരത്തിന് വല്ലാത്ത നിയന്ത്രണമുണ്ടായിരുന്നു. ഒരിക്കല്‍ അധികം എഡിറ്റൊന്നും ചെയ്യാതെ ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇനി എന്നും ഇതുപോലുള്ള വീഡിയോകള്‍ മതിയെന്നും ഇതുകാണുമ്പോള്‍ നമ്മുടെ വീട്ടിലെ സ്വന്തം ചേച്ചിയെ പോലെ തോന്നുന്നു…. നല്ല സംസാരം എന്നൊക്കെയായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം.
പിന്നീടുള്ള വീഡിയോകളില്‍ വീണ സംസാരിച്ചുകൊണ്ടേയിരുന്നു…. കാഴ്ച്ചക്കാര്‍ കൂടിക്കൊണ്ടുമിരുന്നു. അതോടെ വീണാസ് കറിവേള്‍ഡ് ഹിറ്റായി… വീണക്ക് സെലിബ്രിട്ടി പരിവേഷവും.
നാടന്‍ കറികളാണ് വീണ പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ അധികവും. ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയെന്നത് വീണയെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാര്യമല്ല. പലതവണ ചെയ്തു നോക്കി തനിക്ക് നൂറുശതമാനവും ശരിയാണെന്ന് തോന്നാത്ത ഒരു റെസിപിയും താനിതുവരെ ഈ ചാനലിലൂടെ അവതരിപ്പിച്ചിട്ടില്ലെന്നും വീഡിയോകളുടെ എണ്ണം കൂട്ടാന്‍ വേണ്ടിമാത്രം ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്നും അതു തന്നെയാവണം തന്റെ ചാനലിന്റെ വിജയമെന്നും വീണ പറയുന്നു. ഇന്നിപ്പോള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും പലരും വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ വീണ ഹാപ്പിയാണ്…യൂ ട്യൂബ് നല്കുന്ന വരുമാനത്തേക്കാള്‍ എത്രയോ വലുതാണ് ആ അഭിപ്രായങ്ങളെന്ന് വീണ സാക്ഷ്യപ്പെടുത്തുന്നു.
വരുമാനം മാത്രം ലക്ഷ്യംവെച്ച് യു ട്യൂബ് ചാനല്‍ തുടങ്ങരുതെന്ന് വീണ പറയുന്നു. പോസ്റ്റിട്ടാല്‍ ഉടന്‍ തന്നെ വരുമാനം ലഭിക്കുമെന്ന് കരുതുകയും ചെയ്യരുത്. വളരെ പതുക്കെമാത്രമേ വരുമാനമുണ്ടാക്കാന്‍ കഴിയുകയുള്ളൂ. ചാനല്‍ തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാണ് വീണ മോണിറ്റൈസേഷന് അപേക്ഷിക്കുന്നത്. അതുകഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് ആദ്യത്തെ വരുമാനമായ 13,000 രൂപ ലഭിക്കുന്നത്. ഇന്നിപ്പോള്‍ തെറ്റില്ലാത്ത വരുമാനം വീണക്ക് ലഭിക്കുന്നുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബര്‍മാര്‍ക്കുള്ള സില്‍വര്‍ ബട്ടണ്‍ നേടിക്കൊണ്ടായിരുന്നു വീണയുടെ വിജയത്തുടക്കം. ഇന്നിപ്പോള്‍ പതിനഞ്ച് ലക്ഷത്തിൽപ്പരം സബ്സ്ക്രൈബേഴ്സാണ് വീണയുടെ ചാനലിനുള്ളത്.
എമിറേറ്റ്സില്‍ ബിസിനസ് അനാലിസിസ് മാനേജരായ ഭര്‍ത്താവ് ജാന്‍ ജോഷിയും വിദ്യാര്‍ത്ഥികളായ മക്കള്‍ അവനീതും ആയുഷും സര്‍വ്വ പിന്തുണയുമായി വീണയ്ക്കും വീണയുടെ കറിവേള്ഡിനും ഒപ്പമുണ്ട്. തന്റെ ഈ നേട്ടത്തിനുപിന്നില്‍ കുടുംബം തരുന്ന സപ്പോര്‍ട്ടാണെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട് വീണയും നിര്‍ത്തുന്നു.
