ഗുരുവായൂർ: ലോക്ഡൗൺ മൂലം ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനം ഇല്ലാതായിട്ട് ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ദേവസ്വത്തിന് വരുമാന നഷ്ടം കോടികൾ. മാർച്ച് 21-നാണ് ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവേശനം നിർത്തലാക്കിയത്. അതിനു നാലു ദിവസം മുൻപേ നിയന്ത്രണം തുടങ്ങിയിരുന്നു. മെയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കുമെങ്കിലും സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ ഇനി എന്ന്മുതൽ ഭക്തരെ പ്രവേശിപ്പിക്കാനാവും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല .

ADVERTISEMENT

ഭക്തരില്ലാതായതോടെ ഭണ്ഡാരത്തിൽ വരവില്ലാതായി. മാസം നാലു കോടിയോളം രൂപയാണ് ഭണ്ഡാരത്തിൽനിന്ന്‌ ലഭിച്ചിരുന്നത്. തുലാഭാരത്തിൽനിന്ന്‌ മാസം ശരാശരി മൂന്നു കോടിയോളം രൂപ വരുമാനമുണ്ടായിരുന്നു. വഴിപാട്‌ കൗണ്ടറുകളിൽനിന്ന്‌ സാധാരണ ദിവസം പത്ത് ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. എൻഡോവ്‌മെന്റ് പ്രകാരമുള്ള ചെറുവഴിപാടുകളായ പുഷ്പാഞ്ജലി, കദളി, മലർ നിവേദ്യം എന്നിവകൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. ചുറ്റുവിളക്ക്, കൃഷ്ണനാട്ടം, അഹസ്സ് തുടങ്ങിയ വഴിപാടുകൾ നടക്കാത്തതിനാൽ വൻ വരുമാന നഷ്ടമാണ് ദേവസ്വത്തിന്. ആനകളുടെ ഏക്കം വകയിനത്തിൽ കിട്ടിയിരുന്ന വൻ സംഖ്യയും ഇല്ലാതായി. 3000 രൂപ അടയ്‌ക്കേണ്ട കൃഷ്ണനാട്ടവും അഹസ്സുമൊക്കെ നിരവധി ഭക്തരാണ് ശീട്ടാക്കാറുള്ളത്. നിലവിൽ ഈ വഴിപാടുകൾ ശീട്ടാക്കിയവർക്ക് പിന്നീട് വഴിപാട്‌ ദിവസം അറിയിക്കും. ആറു കോടിയിലേറെ രൂപ ദേവസ്വത്തിന് ഒരു മാസം ശമ്പളത്തിനും പെൻഷനുമായി ചെലവുണ്ട്. ആന, പശു പരിപാലനത്തിന് ഒരു കോടിയോളം രൂപ വേറെയും. വൈദ്യുതി, ശുചീകരണം തുടങ്ങി നിരവധി കാര്യങ്ങൾക്ക് കോടികൾ വേണം. ദേവസ്വത്തിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിലായി പത്ത് ക്ഷേത്രങ്ങളുണ്ട്. അവിടെയും വരുമാനം നിലച്ചതിനാൽ ചെലവിന് ദേവസ്വം പണം നൽകേണ്ടിവരും. 1360 കോടി രൂപ ദേവസ്വത്തിന് സ്ഥിരനിക്ഷേപമുണ്ട്. 100 കോടിയോളം രൂപ പലിശ ഇനത്തിൽ ദേവസ്വത്തിന് ലഭിക്കുമെങ്കിലും ഇതിന്റെ മുക്കാൽഭാഗവും ചെലവിലേക്ക് നീക്കുകയാണ് പതിവ്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്തണങ്ങൾ നടപ്പിലാക്കുന്നതിനായി മാർച്ച് 11 മുതൽ ഭക്തജനതിരക്ക് കുറക്കാൻ നടപടികൾ തുടങ്ങി. ഉത്സവ സമയമായതിനാൽ വലിയ ഭക്തജന തിരക്കാണ് ഈ സമയത്തുണ്ടായിരുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി 10ന് ഉത്സവപകർച്ച നിർത്തി. 14ന് പള്ളിവേട്ടക്കും 15ന് ആറാട്ടിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചില്ല. മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് 17 മുതൽ ക്ഷേത്രപരിസരത്ത് നിന്ന് അഗതികളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. 16 മുതൽ ആരോഗ്യ പരിശോധന നടത്തി ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി.

സർക്കാർ നിർദ്ദേശ പ്രകാരം 21 മുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കി. പൂജകളും നിത്യനിദാന ചടങ്ങുകളും മാത്രമാക്കി ചുരുക്കി. ഇതോടെ ക്ഷേത്ര പരിസരം വിജനമായി. ഭക്തരെ പ്രവേശിപ്പിക്കാതെയായതോടെ ക്ഷേത്ര പരിസരത്തെ നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. ഭക്തരെ ആശ്രയിച്ച് മാത്രം വ്യാപാരം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. പിന്നീട് ലോക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ക്ഷേത്ര പരിസരത്തേക്ക് ഭക്തരെ വിടുന്നത് നിർത്തലാക്കി. വിഷുക്കണി ദർശനത്തിന് ഭക്തർക്ക് വിലക്കായിരുന്നു. ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് ശതാബ്ദങ്ങൾക്കു മുൻപ് എതാനും ദിവസം ക്ഷേത്രം അടച്ചിട്ടതെന്നാണ് ചരിത്രം. ഇപ്പോൾ മഹാമാരിയെ ചെറുക്കുന്നതിനായി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നിർത്തലാക്കിയത് ചരിത്രത്തിൽ ഇടം പിടിക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here