കൊച്ചി : സ്പ്രിന്‍ക്ളര്‍ വിഷയത്തില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചതെന്നും, ‘ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടനെ നമ്മള് ശുംഭന്മാരെ വഴിയില്‍ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തുമെന്നും’ ജയശങ്കര്‍ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘മാധ്യമ സിന്‍ഡിക്കേറ്റ് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു ജുഡീഷ്യല്‍ സിന്‍ഡിക്കേറ്റും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ച് രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചത്: സ്പ്രിംഗ്ലറിനു കൈമാറിയ ഡാറ്റ സുരക്ഷിതമെന്ന് എങ്ങനെ ഉറപ്പിക്കാം? കരാര്‍ എന്തുകൊണ്ട് നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചില്ല?? തര്‍ക്കമുണ്ടായാല്‍ എന്തിന് അമേരിക്കന്‍ കോടതിയെ സമീപിക്കാന്‍ വ്യവസ്ഥ ചെയ്തു??? കോടതിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടനെ നമ്മള് ശുംഭന്മാരെ വഴിയില്‍ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തും.’