പെണ്ണാണ് ഭരിക്കുന്നതെങ്കിലും.. എന്താ പെണ്ണിന് കുഴപ്പം..’ നിയമസഭയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അവതരിപ്പിച്ച ആറ് വയസുകാരിയെ ഇരുകയ്യും നീട്ടിയായിരുന്നു സൈബർ ലോകം ഏറ്റെടുത്തത്. നോക്കിലും നിൽപ്പിലും വാക്കിലും ‘ടീച്ചറിനെ’ വാർത്തുവച്ചപോലെ ആയിരുന്നു ഈ കുട്ടിക്കുറുമ്പിയുടെ അവതരണം. 

പാലക്കാട് ചിറ്റൂർ സ്വദേശിനിയാണ് ആവർത്തന എന്ന ഈ ആറ് വയസുകാരി. ആവർത്തനയുടെ വീഡിയോ കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ആരോ​ഗ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് ആവർത്തനയെ. മകളെ പ്രിയപ്പെട്ട ടീച്ചറമ്മ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിന് സന്തോഷത്തിലാണ് ആവർത്തനയുടെ അച്ഛൻ ശബരീഷും അമ്മ ജിഷയും. മോളൂട്ടിയുടെ വീഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്പോൾ തീർച്ചയായും മോളെ കാണും. ഞാൻ പോലും അറിയാതെയാണ് അന്ന് സഭയിൽ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോൾ ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി..’ എന്ന് ആവർത്തനയോട് മന്ത്രി പറഞ്ഞതായി ശബരീഷ് പറയുന്നു. 

മൂന്ന് നാല് ദിവസമെടുത്താണ് ആരോഗ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം ഈ മിടുക്കി പഠിച്ചെടുത്തത്. ശബരീഷാണ് വീഡിയോ എടുത്തത്. ആവർത്തനയുടെ ടീ ഷർട്ടിന് മുകളിൽ ജിഷയുടെ ഷാൾ ചുറ്റി കണ്ണടയും വച്ചാണ് മന്ത്രിയുടെ ലുക്ക് ചെയ്തെന്ന് ശബരീഷ് പറയുന്നു. ആവർത്തന ഇതിന് മുമ്പും നിരവധി വീഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here