കോട്ടയം: ഗ്രീൻ മേഖലയിൽ ഉൾപ്പെടുന്ന ഇടുക്കി, കോട്ടയം ജില്ലകളില്‍ ആവശ്യമില്ലാതെ തന്നെ ആളുകള്‍ ലോക്ക് ഡൗൺ ഇളവുകള്‍ ആഘോഷമാക്കാന്‍ റോഡിലിറങ്ങി. ജനം ഇരുചക്ര വാഹനങ്ങളിലും കാറുകളിലും നഗരങ്ങളിലേക്ക് കൂട്ടമായി ഏത്തിത്തുടങ്ങി. ഇതോടെ പൊലീസ് കര്‍ശന പരിശോധന തുടങ്ങി. എല്ലാ നിയന്ത്രണങ്ങളും ജനം കാറ്റില്‍ പറത്തിയെന്ന് ബോദ്ധ്യമായതോടെ ഒന്‍പതുമണിയോടെ കര്‍ശന പരിശോധന നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് റോഡിലിറങ്ങി കീഴ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇടുക്കി ജില്ല ഗ്രീന്‍ സോണിലാണ് ഉള്‍പ്പെടുന്നതെങ്കിലും തമിഴ്നാട്-കേരള അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ പൂര്‍ണ ഇളവ് നല്കിയിട്ടില്ല. അവിടെ റോഡുകളില്‍ ബാരിക്കേഡ് വച്ച്‌ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പരിശോധന തുടരുകയാണ്. ഓട്ടോറിക്ഷകള്‍ കൂടുതലായി നിരത്തുകളിലുണ്ട്. നേരത്തെതന്നെ പച്ചക്കറി, പലചരക്ക് കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പതിവുപോലെ കടകള്‍ മിക്കതും രാവിലെ തന്നെ തുറന്നു. കോട്ടയം പച്ചക്കറി മാര്‍ക്കറ്റില്‍ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മത്സ്യ മാര്‍ക്കറ്റില്‍ നല്ല തിരക്കാണ് ഇന്ന് രാവിലെ ഉണ്ടായത്.

കോട്ടയം ജില്ലയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇന്ന് സര്‍ക്കാര്‍ ഓഫീസുകളും മറ്റും പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനാല്‍ കോട്ടയം ടൗണില്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങളെത്തുന്നുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലും മറ്റ് കേന്ദ്രങ്ങളിലും വാഹനങ്ങള്‍ കൂടുതലായി നിരത്തിറങ്ങി. കടകള്‍ കൂടുതലായി തുറന്നിട്ടുണ്ട്. കൂടുതലായി ജീപ്പുകളും കാറുകളും ബൈക്കുകളും റോഡുകളില്‍ പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here