ദുബായ്: നൈഫിലെ കോവിഡ് ബാധിതർക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെ കോവിഡ് ബാധിച്ച സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പളി രോഗമുക്തനായി. തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടർന്ന് നസീർ ആശുപത്രി വിട്ടു. പതിനാലു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഐസൊലേഷൻ റൂമിൽ നിന്ന് രോഗമുക്തനായിറങ്ങിയ നസീറിനെ ദുബായ് വിപിഎസ്-മെഡിയോർ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും നിറകയ്യടികളോടെയാണ് വരവേറ്റത്. കയ്യടികളോടെ തന്നെ അവർ നസീറിനെ ആശുപത്രിയിൽ നിന്ന് യാത്രയാക്കി.

ADVERTISEMENT

പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആറാം തീയതിയാണ് നസീർ വാടാനപ്പളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നൈഫിൽ ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധയ്ക്ക് എത്തിക്കാൻ ശ്രമിച്ച അതേ ആവേശത്തോടെയായിരുന്നു ആശുപത്രിക്കിടക്കയിലും നസീറിന്റെ പ്രവർത്തനങ്ങൾ. വിവിധ സംഘടനകളും വളണ്ടിയർമാരും ഉൾപ്പെടുന്ന കോവിഡ് കോർക്കമ്മിറ്റിയുമായി ഫോണിലൂടെയും വീഡിയോ കോളിലൂടെയും നിരന്തരം ആശയവിനിമയം നടത്തി നൂറു കണക്കിനാൾക്കാർക്ക് സഹായം എത്തിക്കുകയായിരുന്നു ആശുപത്രി ദിവങ്ങളിലും നസീർ.

പരിശോധനാ ഫലം പോസിറ്റിവ് ആണെന്നറിഞ്ഞപ്പോൾ നേരിട്ട് ചെയ്യാനുള്ള കുറേക്കാര്യങ്ങൾ ഇനി പറ്റില്ലല്ലോ എന്ന നിരാശയിൽ ആയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ആദ്യ ദിവസം തന്നെ അത് മാറി. നിറയെ പ്രാർത്ഥനകളും ആരോഗ്യ അന്വേഷണവുമായി നിരവധി ഫോൺ കോളുകളാണ് ലഭിച്ചത്. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും ഒക്കെ അതിൽ ഉണ്ടായിരുന്നു. പരിചയമില്ലാത്തവർ പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രാർത്ഥനയുമായി എത്തി. പ്രവർത്തനം ആശുപത്രിയിലും തുടരാനുള്ള ഊർജമായി അത് മാറി. അത്രയും പ്രാർത്ഥനകൾ ലഭിച്ചതിന്റെ ധൈര്യത്തിൽ തിരിച്ചു വീട്ടിലേക്ക് പോകാതെ പ്രവർത്തനത്തിൽ എത്രയും വേഗം മുഴുകാനാണ് തീരുമാനം. ഒരാളുടെയും വേദന കണ്ടുകൊണ്ടിരിക്കാൻ എനിക്കാവില്ല.” ആശുപത്രി വിട്ടിറങ്ങിയ നസീർ പറഞ്ഞു.

ദിവസവും നൂറു കണക്കിന് കോളുകളും സന്ദേശങ്ങളുമാണ് സഹായം തേടി ആശുപത്രി ദിവസങ്ങളിൽ നസീറിന് ലഭിച്ചത്. വളണ്ടിയർമാരുമായും കെഎംഎസിസി, മർക്കസ്, അക്കാഫ്, എംഎസ്എസ് , നോർക്ക, ഇൻകാസ് എന്നീ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന കോർക്കമ്മിറ്റിയുമായും ഈ വിവരങ്ങൾ പങ്കുവച്ചു. പരിശോധന ആവശ്യമായവരെ മെഡിയോർ അടക്കമുള്ള ആശുപത്രികളിൽ എത്തിച്ചു. ഭക്ഷണവും സൗകര്യങ്ങളും നൽകുന്നതിനുള്ള പ്രവർത്തനങ്ങളിലും ആശുപത്രിയിൽ നിന്ന് തന്നെ നസീർ അങ്ങനെ ഭാഗമായി. “പലപ്പോഴും രാവിലെ എട്ടര മണിക്ക് എണീറ്റാൽ രാത്രി പന്ത്രണ്ടിന് ഉറങ്ങുന്നത് വരെ ഇത് തന്നെയായിരുന്നു പരിപാടി. ദിവസം ചുരുങ്ങിയത് 12-13 മണിക്കൂർ വരെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാറുണ്ടായിരുന്നു. നാല് വീഡിയോ കോണ്ഫറന്സുകൾ എങ്കിലുമുണ്ടാകും. വൈകീട്ട് കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് ദിവസവും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിക്കുന്ന സഹായാഭ്യർഥനകൾ ക്രോഡീകരിക്കും. അതാണ് ഞങ്ങൾ ദുബായ് ഏജൻസികൾക്ക് സഹായത്തിനായി കൈമാറുന്നത്. ഫോൺ ഉപയോഗം കുറയ്‌ക്കണമെന്നും വിശ്രമിക്കണമെന്നും ഡോക്ടർ നിർദേശിച്ചിരുന്നെങ്കിലും പലപ്പോഴും അതിനു കഴിയാറുണ്ടായിരുന്നില്ലെന്നതാണ് സത്യം.”തുടക്കത്തിൽ ഫോൺ വിളികൾ വർധിച്ചത് കാരണം പിന്നീട് വാട്സാപ്പ് നമ്പർ നൽകി സന്ദേശങ്ങളിലൂടെയാണ് നസീർ കൂടുതലും ആൾക്കാരുമായി ബന്ധപ്പെട്ടത്.

COMMENT ON NEWS

Please enter your comment!
Please enter your name here