മേൽശാന്തി ഇല്ലാതെ ഗുരുവായൂരമ്പലം..

ഗുരുവായൂർ ക്ഷേത്രത്തിൽ താൽക്കാലിക മേൽശാന്തി ഇല്ല. ഓതിക്കന്മാർ മേൽശാന്തിയുടെ പ്രവർത്തി ചെയ്യും. ബ്രഹ്മശ്രീ പഴയം സതീശൻ നമ്പൂതിരി തിരുവാഭരണങ്ങളുടേയും, ശ്രീകോവിലിലെ മറ്റു മുതലുകളുടെയും, മേൽശാന്തിയുടെ പ്രവർത്തികൾ മറ്റ് ഓതിക്കന്മാരുമായി ബന്ധപ്പെട്ട് നിർവ്വഹിക്കുന്നതിന്റേയും ചുമതല ഏൽക്കും.
ബ്രഹ്മശ്രീ പഴയം സതീശൻ നമ്പൂതിരിയെ താൽക്കാലിക മേൽശാന്തിയായി നിയമിച്ച കാര്യത്തിൽ പുനഃപരിശോധന വേണമെന്ന ആവശ്യമുയർന്നതിനെതുടർന്ന് ഇന്ന് അക്കാര്യം ബഹുമാനപ്പെട്ട ക്ഷേത്രം തന്ത്രിയും ഓതിക്കന്മാരുമായി വീണ്ടും ചർച്ച ചെയ്തു. തുടർന്ന് ഉണ്ടായ ധാരണപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ താൽക്കാലിക മേൽശാന്തിയെ നിയമിക്കേണ്ടതില്ലെന്നും, 2020 മാർച്ച് 31ന് ആറുമാസക്കാലാവധി പൂർത്തിയാക്കിയ നിലവിലെ മേൽശാന്തിയെ ഇന്ന് 17-4- 2020ന് ചുമതലയിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യത്തിൽ ക്രമപ്രകാരം പുതിയ മേൽശാന്തിയെ നിയമിച്ച് ചുമതല ഏൽക്കുന്നതുവരെ ക്ഷേത്രത്തിലെ കീഴ്വഴക്കപ്രകാരം ഓതിക്കന്മാർ മേൽശാന്തിയുടെ പ്രവർത്തി ചെയ്യണമെന്നും, പുതിയ മേൽശാന്തി ചുമതല എടുക്കുന്നതുവരെ ക്ഷേത്രം ഓതിക്കൻ കൂടിയായ ബ്രഹ്മശ്രീ പഴയം സതീശൻ നമ്പൂതിരി തിരുവാഭരണങ്ങളുടേയും, ശ്രീകോവിലിലെ മറ്റു മുതലുകളുടെയും , മേൽശാന്തിയുടെ പ്രവർത്തികൾ മറ്റ് ഓതിക്കന്മാരുമായി ബന്ധപ്പെട്ട് നിർവ്വഹിക്കുന്നതിന്റേയും ചുമതല ഏൽക്കുന്നതാണെന്നും അതുപ്രകാരം സമ്മതിച്ച് ബ്രഹ്മശ്രീ പഴയം സതീശൻ നമ്പൂതിരി കച്ചീട്ട് നൽകുന്നതാണെന്നും നിശ്ചയിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, ക്ഷേത്രം തന്ത്രി, ഓതിക്കന്മാർ എന്നിവർ നടത്തിയ ആശയവിനിമയത്തിലാണ് ഇപ്രകാരം തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
