ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി നറുക്കെടുപ്പ് വൈകും. ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയെ കഴിഞ്ഞമാസം തീരുമാനിക്കേണ്ടതായിരുന്നു. എന്നാൽ മാർച്ച് 31ന് കാലാവധി കഴിഞ്ഞ ഇപ്പോഴത്തെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിക്ക് ഏപ്രിൽ 30 വരെ കാലാവധി നീട്ടി നൽകി. ഇതിനിടെ അപേക്ഷകരുടെ കൂടിക്കാഴ്ചയും നറുക്കെടുപ്പും നടത്താനായിരുന്നു ദേവസ്വം ധാരണ. എന്നാൽ ലോക് ഡൗൺ മെയ് 3 വരെ നീട്ടിയതോടെ പകരം സംവിധാനം ഇനി കണ്ടെത്തേണ്ടിവരും.
മേൽശാന്തി നറുക്കെടുപ്പ് നടത്തിയാലും 12 ദിവസത്തെ ഭജനം കഴിഞ്ഞ ശേഷമേ പുതിയ മേൽശാന്തിക്ക് ചുമതല ഏറ്റെടുക്കാൻ കഴിയൂ. മെയ് മൂന്നിന് ശേഷം കൂടിക്കാഴ്ചയും നറുക്കെടുപ്പും നടത്തി പുതിയ മേൽശാന്തി ചുമതലയേൽക്കാൻ വീണ്ടും വൈകും. ക്ഷേത്രത്തിൽ മേൽശാന്തിയുടെ ചുമതല നിർവഹിക്കാൻ ക്ഷേത്രം ഓതിക്കാൻമാർക്ക് അവകാശമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ മേൽശാന്തിയെ നിയമിക്കുന്നത് വരെ ക്ഷേത്രം ഓതിക്കൻമാരിൽ നിന്നും മേൽശാന്തിയെ കണ്ടെത്തി താൽക്കാലിക ചുമതല നൽകേണ്ടിവരും.
