ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കൊല്ലം ഭക്തജനസാന്നിധ്യമില്ലാതെ വിഷുക്കണിദർശനം. ക്ഷേത്രചരിത്രത്തിൽ ആദ്യാനുഭവമായിരുന്നു ഇത്. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ക്ഷേത്രപരിസരത്തേക്ക് പോലും ഭക്തർക്ക് പ്രവേശനമില്ലായിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്കുതന്നെ ക്ഷേത്രനടകളിലേക്കുള്ള പ്രവേശനനിയന്ത്രണം കർശനമാക്കിയിരുന്നു. നടകളിലേക്ക് പ്രവേശിക്കുന്ന കിഴക്കേ സത്രം ഗേറ്റും മറ്റു മൂന്നുനടകളിലുള്ള ഗേറ്റുകളും പൂട്ടി.

ADVERTISEMENT

ക്ഷേത്രത്തിനകത്ത് മേൽ ശാന്തിയും ചുമതലയുള്ള കീഴ്ശാന്തിക്കാരും അത്യാവശ്യ പരിചാരകരും പ്രധാന ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം ശ്രീലകത്ത് ശാന്തിയേറ്റ കീഴ്ശാന്തി കീഴിയേടം വാസുണ്ണി നമ്പൂതിരി വിഷുക്കണി ഒരുക്കി. മൂലവിഗ്രഹത്തിനു മുന്നിലെ മുഖമണ്ഡപത്തിൽ അലങ്കരിച്ച സ്വർണപീഠത്തിൽ പൊൻ ശീവേലിത്തിടമ്പ് എഴുന്നള്ളിച്ചുവെച്ചു. മുന്നിൽ ഓട്ടുരുളിയിൽ കണിക്കോപ്പുകളും. ചൊവ്വാഴ്ച പുലർച്ചെ 2.15-ന് മേൽശാന്തി പഴയത്ത് സുമേഷ്‌നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ചു.

നറുനെയ്യ് നിറച്ച നാളികേരമുറികളിലുള്ള അരിത്തിരികൾ തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. വിഷുക്കൈനീട്ടവും സമർപ്പിച്ചു. ശ്രീലകവാതിൽ തുറന്നതോടെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ നിലവിളക്ക് തെളിയിച്ച് സോപാനത്ത് സമർപ്പിച്ചുതൊഴുതു. നാലമ്പല മുന്നിലെ നൂറുകണക്കിനു നെയ്ത്തിരികൾ ജ്വലിച്ചു. കണിദർശനശേഷം തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടന്നു.

ഉച്ചപ്പൂജയ്ക്ക് വിഷുനമസ്‌കാരഭാഗമായി ഗുരുവായൂരപ്പന് വിശേഷവിഭവങ്ങൾ നിവേദിച്ചു. പതിവായി വിഷുനാളിൽ നടക്കാറുള്ള വിഷുവിളക്കാഘോഷം ലോക്ഡൗൺമൂലം നടന്നില്ല. ലണ്ടനിലെ വ്യവസായി ഗുരുവായൂർ തെക്കുമുറി ഹരിദാസ് വർഷങ്ങളായി നടത്തുന്നതാണ് വിഷുദിവസത്തെ ചുറ്റുവിളക്കാഘോഷം.

COMMENT ON NEWS

Please enter your comment!
Please enter your name here