തിരുവനന്തപുരം: കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിദേശി വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ കടലില്‍ കുളിക്കാന്‍ ഇറങ്ങി. കോവളം ബീച്ചില്‍ ലൈറ്റ്ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികള്‍ കൂട്ടമായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക് വന്നത്.

സംഭവത്തില്‍ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പ് കടലില്‍ കുളിക്കാനാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങള്‍ വന്നശേഷമാണ് പൊലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ലൈഫ് ഗാര്‍ഡുമാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പെട്ടത്. ലൈഫ് ഗാര്‍ഡുമാര്‍ ശക്തമായ താക്കീത് ചെയ്തതോടെ വിദേശികള്‍ ഹോട്ടല്‍ മുറികളിലേക്കു മടങ്ങാന്‍ തയാറായത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. അത്തരം ഒരു സാഹചര്യം നിലനില്‍ക്കെയാണ് കോവളം ബീച്ചില്‍ വിദേശികള്‍ കൂട്ടത്തോടെ ഇറങ്ങിയത്.

ലൈഫ് ഗാര്‍ഡുമാര്‍ ഡ്യൂട്ടിക്കു വരുന്നതിനു മുന്‍പ് ലോക്ഡൗണ്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചു പതിവായി വിദേശികള്‍ ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ടെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ലോക്ഡൗണ്‍ ലംഘനം പരിശോധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ സംരക്ഷണയിലുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here