കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ കാലത്ത് നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് ‘ബാല്‍ക്കണി സര്‍ക്കാര്‍’ എന്ന വിശേഷണം നല്‍കിയാണ് കമല്‍ സംസാരിച്ചത്. തൊഴിലാളികള്‍ ‘ടൈം ബോംബ്’ ആയി മാറിയെന്നും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അത് പൊട്ടിത്തെറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാല്‍ക്കണികളില്‍ കിണ്ണമേളവും ചിരാത് കത്തിക്കലുമടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കിയാണ് ‘ബാല്‍ക്കണി സര്‍ക്കാര്‍’ എന്ന പ്രയോഗം കമല്‍ നടത്തിയത്.
കഴിഞ്ഞദിവസം ആയിരത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്നും തങ്ങള്‍ക്ക് നാടുകളിലേക്ക് തിരിച്ചു പോകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മാര്‍ച്ച്.
“കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ഒരു ടൈം ബോംബാണ്. കൊറോണയെക്കാള്‍ വലിയൊരു പ്രതിസന്ധിയാകും മുമ്പ് അത് നിര്വ്വീര്യമാക്കേണ്ടതുണ്ട്. താഴെക്കിടയില്‍ എന്ത് നടക്കുന്നുവെന്ന് ബാല്‍ക്കണി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
