തിരുവനന്തപുരം: ഇത്തവണത്തെ വേനലവധിക്കാലം സമ്പൂർണ ലോക്ക്ഡൗണായതോടെ കുട്ടികളെല്ലാം വീടിനുള്ളിലാണ്. പുറത്തിറങ്ങി കൂട്ടുകാരുമൊത്തുള്ള കളികളൊന്നും നടക്കുന്നില്ല. അതിനാൽ തന്നെ കുട്ടിക്കുറുമ്പെല്ലാം വീടിനുള്ളിൽ ഒതുങ്ങി. 24 മണിക്കൂറും വീടിനുള്ളിലായതിനാൽ കുട്ടികളുടെ മടിയും വർധിക്കും. ഇത്തരത്തിൽ മകന്റെ മടി മാറ്റി അനുസരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം എഡിറ്റ് ചെയ്ത് എഴുത്തുകാരനും സംവിധായകനുമായ ജിയോ ബേബി തയ്യാറാക്കിയ വീഡിയോ ഫെയ്സ്ബുക്കിൽ ചിരിപടർത്തുകയാണ്.

ADVERTISEMENT

കൊറോണ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തിലെ ശബ്ദം മുഖ്യന്റെ തനതായ സംഭാഷണ ശൈലിയിൽ എഡിറ്റ് ചെയ്താണ് ജിയോ ബോബി മകന്റെ മടി മാറ്റാൻ ശ്രമിക്കുന്നത്. സിനിമ പ്രവർത്തകനായ ഫ്രാൻസിസ് ലൂയിസാണ് ബോബിക്കായി വീഡിയോ എഡിറ്റ് ചെയ്ത് നൽകിയത്. വീഡിയോയിലെ പൂർണ സംഭാഷണം താഴെ….

‘ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാണ്ട് ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവേ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരേ നിമയനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്. ഇത് അനുവദിച്ച് തരാൻ പറ്റുന്നതല്ല. അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്കെതിരേ പോലീസ് നിയമപരമായി നടപടികൾ സ്വീകരിക്കുന്നതാണ്. മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് ആറ് മണി സമയത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മനപൂർവം തടസപ്പെടുത്താൻ റിമോർട്ട് കൈക്കലാക്കി ചാനൽ മാറ്റുന്ന പ്രവണത ചില കുട്ടികൾ ചെയ്തുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഈയൊരു സമയത്ത് നമ്മളെല്ലാവരും വീട്ടിലിരുന്ന് ഗവൺമെന്റിന്റെ നടപടികളോട് സഹകരിക്കുകയാണ് വേണ്ടത്. അത് പ്രായമായവരും കുട്ടികളുമൊക്കെ. ഇത്തരം നടപടികളുമായി സഹകരിക്കുന്ന നല്ല മിടുക്കരായ കുട്ടികൾക്ക് ഗവൺമെന്റ് പ്രത്യേക സമ്മാനവും ഏർപ്പെടുത്തുന്നുണ്ട്. അപ്പം അത് വാങ്ങാൻ ഓരോ കുട്ടികളും പരിശ്രമിക്കണം. ഗവൺമെന്റിനെ സഹായിക്കണം. ഇത്രയുമാണ് ഇന്ന് പൊതുവേ പറയാനുള്ളുളത്. നന്ദി, നമസ്കാരം’.

വീഡിയോ കണ്ട് ആദ്യം മകൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ശബ്ദം മകൻ കൈയോടെ പൊക്കിയെന്നും ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു തമാശയായി ലോക്ക്ഡൗൺ നേരംപോക്കായി മാത്രം ഇതിനെ കാണണമെന്നും ജിയോ ബോബി പറയുന്നു.

ഫെയ്സ്ബുക്ക് പോസിറ്റിന്റെ പുർണരൂപം

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്,ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി.അവന്റെ ഒരു ഷോട്ടും കൂടേ ചേർത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു.Francies Louis ആണ് എഡിറ്റ് ചെയ്തത്.ഒരു തമാശയായി ലോക്ക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.

COMMENT ON NEWS

Please enter your comment!
Please enter your name here