ദുബായ്: തൊഴില്‍ കരാര്‍ പാലിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധം യുഎഇ ഭരണകൂടം പുനഃപരിശോധിക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയാണ് നീക്കം. ഇവരുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി അവരുടെ മാതൃരാജ്യങ്ങള്‍ പിന്നാക്കം നില്‍ക്കുകയാണ്. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധമാണ് യുഎഇ പരിശോധിക്കുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും സൂചനയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.
സ്വകാര്യ മേഖലയിലുള്ളവര്‍

ADVERTISEMENT

യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ മാതൃ രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. യുഎഇയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കാത്ത ഇത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധമാണ് പുനഃപരിശോധിക്കുന്നത്.
രോഗം വ്യാപിക്കുന്നു.
യുഎഇയില്‍ കൊറോണ രോഗം വ്യാപിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ദുബായില്‍. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണകൂടം പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ വേളയിലാണ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിട്ടും അവരുടെ മാതൃരാജ്യങ്ങള്‍ പ്രതികരിക്കാത്തത്.

ക്വാട്ട നിയന്ത്രിച്ചേക്കും
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായി നേരത്തെയുണ്ടാക്കിയ ധാരണകള്‍ റദ്ദാക്കുന്ന കാര്യമാണ് യഎഇ പരിശോധിച്ചുവരുന്നത്. ഇത്തരം രാജ്യങ്ങള്‍ക്ക് ഭാവിയില്‍ തൊഴിലാകളെ അനുവദിച്ച ക്വാട്ടയില്‍ നിയന്ത്രണം വരുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒട്ടേറെ വകുപ്പുകള്‍ ഒരുമിച്ച്

കൊറോണ രോഗ വ്യാപനം തടയുന്നതിന് യുഎഇയിലെ ഒട്ടേറെ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ദുബായിലെ സുപ്രധാന മേഖലകളിലെല്ലാം യാത്രാ നിയന്ത്രണമുള്‍പ്പെടെയുള്ള പ്രതിരോധം തീര്‍ത്തുകഴിഞ്ഞു. എന്നിട്ടും രോഗം വ്യാപിക്കുന്നു. ഈ വേളയിലാണ് വിദേശ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതിരിക്കുന്നത്.
മുഖം തിരിച്ച് ഇന്ത്യ
ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ പ്രയാസമാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രവാസി സംഘടനകളും കേരളത്തില്‍ നിന്നുള്ള എംപിമാരും രംഗത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സഹകരണം പുനഃപരിശോധിക്കും

പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാന്‍ സഹകരിക്കാത്ത രാജ്യങ്ങളുടമായുള്ള സഹകരണം പുനഃപരിശോധിക്കും. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശ രാജ്യത്തിന്റെയും പേര് പരാമര്‍ശിക്കാതെയാണ് വാര്‍ത്ത. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങലെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് നടപടി.
സ്വകാര്യ കമ്പനികള്‍ക്ക് ഇളവ്
പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായി നേരത്തെയുണ്ടാക്കിയ ധാരണപത്രം റദ്ദാക്കുന്ന കാര്യവും പരിഗണനയിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ കമ്പനികള്‍ക്ക് ചില ഇളവുകള്‍ നേരത്തെ ഭരണകൂടം നല്‍കിയിരുന്നു. ജീവനക്കാരെ വെട്ടിക്കുറയ്ക്കാം, അവധി നല്‍കാം, പിരിച്ചുവിടാം തുടങ്ങിയ ഇളവുകളാണ് അനുവദിച്ചത്.

മിക്ക രാജ്യങ്ങളും വിസമ്മതിച്ചു

എന്നാല്‍ ഇത്തരം നടപടികള്‍ സ്വകാര്യ കമ്പനികള്‍ സ്വീകരിക്കുമ്പോള്‍ ഒട്ടേറെ വിദേശികള്‍ യുഎഇയില്‍ കുടുങ്ങും. ഇവരെ തിരിച്ചുകൊണ്ടുപോകേണ്ടത് അവരുടെ മാതൃരാജ്യത്തിന്റെ കടമയാണ്. എന്നാല്‍ മിക്ക രാജ്യങ്ങളും വിസമ്മതിച്ച സാഹചര്യത്തിലാണ് യുഎഇ ഭരണകൂടം നിലപാട് കര്‍ശനമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here