തൃശ്ശൂർ: ലോക്ഡൗൺ കാലത്ത് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ബ്ലാക്ക്മാൻമാരിൽ ഒരാളെ കൈയോടെ പിടികൂടിയെന്നാണ് വാർത്ത പരന്നത്. പക്ഷേ, ബ്ലാക്ക്മാനെ പിടികൂടാൻ ചുമതലപ്പെട്ട സേനയിലെ ഒരാളാണ് സ്വയം പിടിയിലായത് എന്നറിഞ്ഞപ്പോൾ പിന്നാലെയെത്തി സസ്പെൻഷൻ. കേരള പോലീസ് അക്കാദമിയുടെ ടാങ്കോ ഫോർ കമ്പനിയിലെ ഹവിൽദാർ ആലപ്പുഴ സ്വദേശി സനൽകുമാറിനെയാണ് സസ്പെൻഡ്‌ ചെയ്തത്.

ADVERTISEMENT

പോലീസ് അക്കാദമിയിൽനിന്ന്് ഇയാൾ വ്യാഴാഴ്‌ച രാത്രി പത്തോടെ ബൈക്കിൽ പുറത്തിറങ്ങി മണ്ണുത്തിക്കടുത്ത്‌ പൊങ്ങണങ്കാട്ടിലെ ഒരു വീട്ടിലെത്തി. ഇയാൾക്ക് പരിചയമുള്ള സ്ത്രീയുടെ വീടായിരുന്നു ഇത്. വാതിലിൽ തട്ടിയിട്ടും തുറക്കാതിരുന്നപ്പോൾ ജനലിൽ തട്ടി. തുറക്കാതായപ്പോൾ ശക്തിയിൽ തട്ടി ജനൽച്ചില്ലുടച്ചു. ഇൗ ശബ്ദം കേട്ട് അയൽക്കാർ ഉണർന്നതോടെ ഒാടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്നു. മാടക്കത്തറ പഞ്ചായത്ത് ഒാഫീസിന് സമീപം പിടികൂടി.

മദ്യപിച്ച നിലയിലായിരുന്നു ഇയാൾ. പിടിയിലായപ്പോൾ പോലീസ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാർ പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന നേതാവിനെ ബന്ധപ്പെട്ടു. നേതാവ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പോലീസ് ആണെന്നു കണ്ടെത്തി. തുടർന്ന് മണ്ണുത്തി പോലീസിന് കൈമാറി.

പോലീസ് അക്കാദമിയിൽനിന്ന് ബൈക്ക് സഹിതം ഒരു ഹവിൽദാർ എങ്ങനെ പുറത്തിറങ്ങിയെന്നും മദ്യം ലഭ്യമല്ലാത്ത സമയത്ത് എവിടെനിന്ന് ഇയാൾക്ക് മദ്യം കിട്ടിയെന്നും റോഡിലെ പോലീസ് വാഹനപരിശോധന മറികടന്ന് എങ്ങനെ പൊങ്ങണങ്കാട് വരെയെത്തിയെന്നും അന്വേഷിക്കുന്നുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here