ന്യൂയോര്‍ക്ക്: ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തില്‍, അമേരിക്കയിലും ഏവരാലും അറിയപ്പെട്ടിരുന്ന, ചലച്ചിത്ര കലാ‌സം‌വിധായകന്‍ തിരുവല്ല ബേബി (84) അന്തരിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതല്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ശോശാമ്മ ബേബി തടിയൂര്‍ സ്വദേശിനിയാണ്. മക്കള്‍: നാന്‍സി, സിബി, ഡോ. ബിനു, നവിന്‍. മരുമക്കള്‍: താജ്, എലിസബത്ത്, ബെഞ്ചി, അശ്മി.

അമേരിക്കയില്‍ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു തിരുവല്ല ബേബി. 1968-75 കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ മികച്ച കലാസംവിധായകനായിരുന്ന അദ്ദേഹം മലയാള സിനിമയിലെ പ്രശസ്തരായ നിരവധി അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അനാഛാദനം (1968), സന്ധ്യ (1969), മായ (1972), അജ്ഞാതവാസം 1973), ജീസസ്‌ (1973), ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (1973), പച്ചനോട്ടുകള്‍ (1973), നെല്ല് (1974), ഹണിമൂണ്‍ (1974) എന്നീ ചിത്രങ്ങളുടെ കലാസം‌വിധാനം തിരുവല്ല ബേബിയുടേതാണ്.

ഒരു തികഞ്ഞ ദൈവഭക്തനായിരുന്ന അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സഭയ്ക്കായി സമര്‍പ്പിച്ചു ജീവിച്ചു. അമേരിക്കയിലുടനീളം ഏകദേശം 79 ക്രിസ്തീയ ദേവാലയങ്ങളില്‍ മദ്ബഹകള്‍/അള്‍ത്താരകള്‍ ബേബിയുടെ രൂപകല്പനയിലൂടെ നിര്‍മ്മിച്ചിട്ടുണ്ട്. അദ്ദേഹം ഏറ്റവും അവസാനമായി നിര്‍മ്മിച്ച മദ്ബഹ ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് വേണ്ടിയായിരുന്നു.

ഫോമ, ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ കണ്‍‌വന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ രംഗസജ്ജീകരണങ്ങളും, ടാബ്ലോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

കലാസാംസ്ക്കാരിക രംഗത്തും അദ്ദേഹം ശോഭിച്ചിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ്. സെക്രട്ടറിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here