തിരുവനന്തപുരം: കൊവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ലോക്ക് ഡൗൺ പിൻവലിച്ചേശേഷം ഗൾഫ് രാജ്യങ്ങളും അയൽ സംസ്ഥാനങ്ങളുമുൾപ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ നാട്ടിലെത്തുന്ന സ്ഥിതിയുണ്ടായാൽ അതിനെ നേരിടാനും അവരിൽ നിന്ന് രോഗവ്യാപനമുണ്ടാകാതിരിക്കാനുമാവശ്യമായ നടപടികളാണ് ആരോഗ്യ വകുപ്പ് പരിഗണിക്കുന്നത്.

സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളാകെ നിശ്ചലമാകുകയും സംസ്ഥാന – ജില്ലാ അതിർത്തികൾ അടഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇപ്പോൾ അത്തരം ഒരു ഭീതിയുടെ ആവശ്യമില്ലെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വരുന്ന മുറയ്ക്ക് മറുനാടൻ മലയാളികളുടെ മടങ്ങിവരവ് സംസ്ഥാനത്തിന് ഒരു ഭീതിയാകും. രോഗം ഭയന്നും ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങളാലും നാട്ടിലേക്ക് എത്തുന്നവരെ ആർക്കും തടയാനുമാകില്ല. മലയാളികളേറെയുള്ള മുംബയ്, തമിഴ്നാട്, മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് ബാധിതരായ നഴ്സുമാരുൾപ്പെടെയുള്ള മലയാളികൾ ചികിത്സയും ഭക്ഷണവുമില്ലാതെ വലയുന്നതിന്റെ വാർത്തകളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചുകൊണ്ടിരിക്കെ നിയന്ത്രണങ്ങളിൽ അയവ് വന്നാൽ എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ശ്രമിക്കും.

വിമാന, ട്രെയിൻ ഗതാഗതം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും നിരവധിപേർ ഓൺ ലൈൻ മുഖാന്തിരം ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുമുണ്ട്. ട്രെയിൻ ഗതാഗതത്തേക്കാൾ മുമ്പേ വിമാന സർവ്വീസുകളാകും ആരംഭിക്കുകയെന്ന് കരുതി വിമാനടിക്കറ്റുകളാണ് അധികം പേരും ബുക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ നിയന്ത്രണങ്ങൾക്ക് അയവ് വരുന്ന മുറയ്ക്ക് നാട്ടിലെത്തുന്നവരിൽ നിന്ന് രോഗ വ്യാപനത്തിനുള്ള സാദ്ധ്യതയാണ് ഇപ്പോൾ തുടരുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ആരോഗ്യ വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. റോഡ്മാർഗമോ, റെയിൽമാർഗമോ പുറത്ത് നിന്നെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം അതിർത്തികളിൽ തന്നെ ആളൊഴിഞ്ഞ സ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുത്ത് മരുന്നും ഭക്ഷണവുമുൾപ്പെടെ ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കി 28 ദിവസം പാർപ്പിച്ചശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് നാട്ടിലേക്ക് വിടുകയാണ് പരിഹാരം.

അതിനായി സംസ്ഥാന അതിർത്തികളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സർക്കാർ ആശുപത്രികളുടെയും സഹായത്തോടെ ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കും. ഇങ്ങനെ പാർപ്പിക്കുന്നവ‌ർക്കിടയിൽ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതയുണ്ടായാൽ അത് മുന്നിൽ കണ്ട് അവരെ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ അതാത് സ്ഥലങ്ങളിൽ ക്രമീകരിക്കേണ്ടിവരും.

ട്രെയിൻ ഗതാഗത സൗകര്യമുള്ള സ്ഥലങ്ങളിൽ റെയിൽവേ ഒരുക്കിയ മൊബൈൽ ഐ.സി യൂണിറ്റുകളുൾപ്പെടെയുള്ളവയുടെ സഹായം പ്രയോജനപ്പെടുത്താമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

ഇവിടങ്ങളിലേക്ക് ആവശ്യമായി വരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കണക്കും തയ്യാറാക്കി വരുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രാവിണ്യം നേടിയ ഡോക്ട‌ർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയാകും ഈ ഉദ്യമത്തിൽ ഉൾപ്പെടുത്തുക. കൊവിഡിന്റെ വ്യാപനം ഏറ്റവുമധികം ഉണ്ടാകുമെന്ന് കരുതിയ പിരീഡ് ഇന്ന് അവസാനിക്കുമ്പോൾ കേരളം പ്രതീക്ഷിച്ചതിലും വളരെ താഴെപേരെ രോഗത്തിനിരയായിരുന്നുള്ളൂ. പുറത്ത് നിന്നെത്തിവരിൽ നിന്നാണ് ഇവരിൽ അധികം പേർക്കും രോഗ പകർ‌ച്ചയുണ്ടായത്. മരണനിരക്ക് വിർദ്ധിക്കാതെ സൂക്ഷിക്കാൻ കഴിഞ്ഞതും റാന്നിയിൽ നിന്നെത്തിയ വൃദ്ധ ദമ്പതികളെപ്പോലും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനായതും സംസ്ഥാനത്തിന്റെ നേട്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here