ലോക്ഡൗണിൽ പലതും നിശ്ചലമായതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും, സ്റ്റുഡിയോ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന കാര്യം നാം മറക്കുകയാണ്.

ADVERTISEMENT

തൊഴിൽ നഷ്ടവും ഫോട്ടോഗ്രാഫി പലയിടത്തും അനിവാര്യമല്ലാതാകുന്നതുമാണ് ഫോട്ടോഗ്രാഫർമാർക്ക് തിരിച്ചടിയാകുന്നത്. സ്റ്റുഡിയോ മേഖലയിലുള്ളവർക്ക് ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന സമയമാണിത്. പറഞ്ഞുറപ്പിച്ച കല്യാണങ്ങൾ പോലും മുടങ്ങി.

ഈ സാഹചര്യം പിന്നിട്ടാലും, പ്രോഗ്രാമുകൾ ലളിതമാക്കുന്നതിനാൽ സ്റ്റുഡിയോ ആവശ്യം ഒഴിവാക്കുമോ എന്നാണ് ആശങ്ക.
ഇനിയെന്തു ചെയ്യും? എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പല സ്റ്റുഡിയോ ജീവനക്കാരും. കോവിഡ് ദുരിതം വന്നതോടെ തങ്ങൾക്ക് നേരത്തെ ഉറപ്പിച്ചിരുന്ന എല്ലാ ഫോട്ടോഗ്രാഫി അനുബന്ധ ജോലികളും ഒഴിവായതിനാൽ ലോക്‌ഡോൺ കഴിഞ്ഞാൽ സ്റ്റുഡിയോയുമായി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാത്ത വിഷമത്തിലാണിവർ.
വർഷത്തിൽ നാലോ, അഞ്ചോ മാസമാണ് സ്റ്റുഡിയോ തൊഴിലാളികൾക്ക് പ്രധാനമായും ജോലി ലഭിക്കുന്നത്. ഒട്ടുമിക്കതും കല്യാണം പോലുള്ള ചടങ്ങുകളായിരിക്കും, ചുരുങ്ങിയത് മൂന്ന് ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് പലരും ജോലിചെയ്യുന്നത്.
ഫോട്ടോഗ്രാഫിയിൽ താത്പര്യമുണ്ടായി ക്യാമറ കൈയ്യിലെടുത്തവരും, പിന്നീടത് ജീവനോപാധിയായി മാറിയവരും ധാരാളം. മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിലാണ് കൂടുതലും തിരക്ക് ഉണ്ടാവാറുള്ളത്. ഓരോ ജില്ലയിലും മിനിമം രണ്ടായിരത്തിലധികം പേരും അവരുടെ കുടുംബങ്ങളും ഈ തൊഴിൽ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്.
പലരും പലതരത്തിലുള്ള ലോണുകളും പേറിനടക്കുന്നവരുമാണ്. മോർട്ടറെറിയം പ്രഖ്യാപിച്ചെങ്കിലും സ്റ്റുഡിയോ ജീവനക്കാർക്ക് അത് ഒരു വർഷത്തെക്കെങ്കിലും വേണ്ടിവരും. അംഗങ്ങൾക്കായി പ്രവർത്തിക്കുന്ന ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എന്ന സംഘടനാ നൽകുന്ന പിന്തുണ മാത്രമാണ് ഏക അവലംബം.
ദിവസങ്ങളോളം സ്റ്റുഡിയോ അടച്ചതുകൊണ്ട് ക്യാമറ, ഫോട്ടോ പ്രിന്ററുകൾ, കംപ്യൂട്ടർ, ലൈറ്റുകൾ തുടങ്ങി പലതിനും വീണ്ടും തുടങ്ങാൻ ഭാരിച്ച ചിലവ് വരും. മാറ്റിവെക്കുന്ന കല്യാണങ്ങൾ പലതും പത്തു പേരിലൊതുക്കി നടത്തുമ്പോൾ , തങ്ങൾക്ക് ജോലി ലഭിക്കാൻ ഇനി ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും എന്നതാണ് അവസ്ഥ.
ഫോട്ടോ മേഖലയുടെ തൊഴിലാളികളുടെ സാമ്പത്തിക വിഷമതകൾ പരിഹരിക്കാൻ സർക്കാരിന്റെ ചെറിയ തോതിലെങ്കിലും സഹായം ഉണ്ടാവണമെന്നാണ് എ കെ പി എ സർക്കാരിനോട് ആവശ്യപ്പെടുന്നത്. സ്വയം തൊഴിൽ കണ്ടെത്താനുള്ള ഉപാധി എന്ന നിലയിൽ ഫോട്ടോ – വീഡിയോ മേഖലയിലുള്ളവർക്ക് പ്രത്യേക സഹായങ്ങൾ അത്യന്താപേക്ഷിതമായിരിക്കുകയാണ്.
ആനുകൂല്യവും തൊഴിൽ സുരക്ഷയും ഉറപ്പ് വരുത്തണം. അധികൃതരുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ഓരോ സ്റ്റുഡിയോ പ്രവർത്തകനും വേണ്ടി ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here