തിരുവനന്തപുരം: പ്രവാസി മലയാളികൾ അനുഭവിക്കുന്ന വിഷമതകളെ അഭിമുഖീകരിച്ച് സംസ്ഥാന സർക്കാർ. ഇവർ അനുഭവിക്കുന്ന വിഷമതകൾ പ്രധാന പ്രശ്നങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയിലും മറ്റും മലയാളികൾ കോവിഡ് ബാധിച്ച് മരിക്കുന്ന വാർത്തകൾ തുടർച്ചയായി വരുന്നു. പല രാജ്യങ്ങളിൽ നിന്നും എന്തുചെയ്യണമെന്നറിയാതെ നാട്ടിലേക്ക് വിളിക്കുന്നു. പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ് ഡെസ്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ADVERTISEMENT
ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അവിടെയുള്ള വിവിധ സംഘടനകളും അടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തുകയാണ് ചെയ്യുകയെന്നും ഈ ഹെൽപ്പ് ഡെസ്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യൻ അംബാസഡർമാരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഡോക്ടർമാരുമായി വിഡിയോ, ഓഡിയോ കോളുകൾ മുഖേനെ അവർക്ക് സംസാരിക്കാം. നോർക്ക് വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താവുന്നതാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ഇത്തരത്തിൽ ലഭിക്കുക.

ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇ.എൻ.ടി, ഒഫ്താൽമോളജി തുടങ്ങിയ മേഖലകളിലുള്ള ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് ആറുമാസത്തിൽ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്ക് നോർക്കയിൽ രജിസ്ട്രേഷൻ കാർഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഏർപ്പെടുത്തും. മലയാളി വിദ്യാർഥികളുടെ രജിസ്ട്രേഷന് നോർക്ക് റൂട്സ് ഓവർസീസ് സ്റ്റുഡന്റ് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ വിദ്യാർഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here