ദുബായ്:ഓരോദിവസംകഴിയുന്തോറും പ്രവാസലോകത്ത് ഭീതിയും ആശങ്കയും ഏറുകയാണ്. കോവിഡ്-19 ബാധിതരുടെ എണ്ണം പെരുകുന്നതും ആഴ്ചകളായി നിശ്ശബ്ദമായി നിൽക്കുന്ന ഗൾഫ് നാടുകളിലെ ഭാവിജീവിതത്തെക്കുറിച്ചുള്ള ചിന്തകളുംചേർന്ന് എല്ലാ പ്രവാസികളും സമ്മർദത്തിലാണ്.

ADVERTISEMENT

നാട്ടിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുന്ന തീയതിയുടെ പ്രഖ്യാപനം കാത്താണ് വലിയൊരു വിഭാഗം നിൽക്കുന്നത്. നാട്ടിൽ ചെയ്തുതീർക്കാനുള്ള ഓരോ കാര്യങ്ങളോർത്ത് അവർ വേവലാതി പങ്കുവെക്കുന്നു. നാട്ടിൽനിന്നുള്ള മരുന്ന് കാത്തിരിക്കുന്നവരും ധാരാളം. രണ്ടോ മൂന്നോ മാസമെങ്കിലും കഴിയാതെ ജീവിതപശ്ചാത്തലങ്ങൾ പഴയതുപോലെ ആവില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. പക്ഷേ, അതിനുശേഷവും എന്തായിരിക്കും സ്ഥിതി എന്നതിനെക്കുറിച്ച് ആർക്കും ഒരു പിടിയുമില്ല. കോവിഡ് കാരണം രണ്ട് മലയാളികൾ മരിച്ചു. ആയിരത്തിലേറെപേർ വിവിധ ഗൾഫ് നാടുകളിലായി ചികിത്സയിലാണ്. ഒട്ടേറെപേർ നിരീക്ഷണത്തിലും. ഇന്ത്യക്കാർ കൂടുതലായുള്ള കേന്ദ്രങ്ങളിലാണ് ഇപ്പോൾ പല നാടുകളിലും വൈറസ്ബാധ പടരുന്നത്.

മാർച്ച് മുപ്പതിന് ആറ് ഗൾഫ് നാടുകളിലെയും മൊത്തം രോഗബാധിതരുടെ എണ്ണം 3,717 ആയിരുന്നു. അന്നത്തെ മരണസംഖ്യ പതിനെട്ടും. ഒരാഴ്ച പിന്നിടുമ്പോഴേക്കും അത് എണ്ണായിരത്തോടടുക്കുന്നു. മരിച്ചവരുടെ എണ്ണം 55-ഉം ആയി. ഇപ്പോഴും കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇന്ത്യക്കാർ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് രോഗബാധിതർ ഏറെയെന്ന് യു.എ.ഇ., കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ പറയുന്നു.

ഒമാനിൽ ഇന്ത്യക്കാർ ഏറെ താമസിക്കുന്ന മത്ര മേഖലയാകെ രോഗബാധകാരണം അടച്ചിരിക്കുന്നു. യു.എ.ഇ.യിൽ ദുബായ് ദേരയിലും ഇതുതന്നെ സ്ഥിതി. കുവൈത്തിൽ ഇതുവരെയായി രോഗം സ്ഥിരീകരിച്ച 665-ൽ ഇന്ത്യക്കാർ 304 ആണ്. നൂറുകണക്കിന് ഇന്ത്യൻ തൊഴിലാളികൾ ക്വാറന്റൈനിലാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് ശുയൂഖിൽ ഒട്ടേറെപേർ പരിശോധനാഫലം കാത്തുനിൽക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ പ്രത്യേകനിരീക്ഷണം നടത്തുന്നുണ്ട്. ദുബായ് ദേരയിൽ രോഗബാധിതരെ കണ്ടെത്താനുള്ള ആരോഗ്യ ക്യാമ്പുകൾക്ക് കുറേദിവസങ്ങളായി നേതൃത്വം നൽകിവന്ന മലയാളിയായ സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളി രോഗലക്ഷണത്തോടെ ആസ്പത്രിയിലായത് സന്നദ്ധപ്രവർത്തകർക്ക് വലിയ ആഘാതമായി. ഒട്ടേറെ സാമൂഹികപ്രവർത്തകരും സംഘടനകളും എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ, വിശേഷിപ്പിച്ച് മലയാളികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചും രോഗലക്ഷണമുള്ളവരെ ആസ്പത്രികളിലെത്തിച്ചും അവർ പ്രവർത്തനം തുടരുന്നു.
ഏപ്രിൽ 15 മുതൽ കോഴിക്കോട്, നെടുമ്പാശ്ശേരി എന്നിവ ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിലേക്ക് ഫ്ളൈ ദുബായ് പ്രത്യേക വിമാനസർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 30 മുതൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്ന ഗോ എയർ ഏപ്രിൽ 15 മുതൽ ബുക്കിങ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും ഏപ്രിൽ അവസാനത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇന്ത്യയിൽ ലോക്ഡൗൺ എന്ന് പിൻവലിക്കുമെന്ന കാര്യത്തിലെ അനിശ്ചിതത്വം എല്ലാവരുടെയും ആശങ്ക വർധിപ്പിക്കുന്നു. ഏപ്രിൽ ആറിന് ഇന്ത്യയിലേക്കും പ്രത്യേക സർവീസ് തുടങ്ങാൻ എമിറേറ്റ്സ് സമയപ്പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ, അനുമതി കിട്ടാത്തതിനാൽ അവർ യൂറോപ്പിലേക്കുമാത്രമായി സർവീസ് കുറച്ചു.

തൊഴിൽസുരക്ഷിതത്വത്തിന്റെ കാര്യത്തിലും എല്ലാ പ്രവാസികുടുംബങ്ങളും ഏറെ ആശങ്കപ്പെടുകയാണ്. ജീവനക്കാരുമായുള്ള ഉഭയകക്ഷിചർച്ചപ്രകാരം വേതനം വെട്ടിക്കുറയ്ക്കാനോ പിരിച്ചുവിടാനോ അധികാരം നൽകുന്ന നിയമത്തിന് യു.എ.ഇ.യും സൗദിഅറേബ്യയും രൂപംനൽകിയിട്ടുണ്ട്. ആരെയും പിരിച്ചുവിടാൻ പാടില്ലെന്നാണ് ഖത്തറിലെ നിർദേശം. എല്ലാ സർക്കാരുകളും സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, പ്രതിസന്ധി നേരിടുന്ന ചെറുകിട, ഇടത്തരം കമ്പനികൾക്ക് എത്രമാത്രം പഴയതുപോലെ നിൽക്കാൻ പറ്റും എന്നതിന് അനുസരിച്ചായിരിക്കും ഭൂരിഭാഗം പേരുടെയും ഭാവി. ജീവനക്കാരായി വന്ന് എല്ലാം നിക്ഷേപിച്ച് സ്വന്തം കമ്പനികൾ തുടങ്ങിയവരും ധാരാളമുണ്ട്. അവരുടെ ആശങ്കയും ചെറുതല്ല. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഉടമകളും ദുബായിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായ ഇമ്മാർ 20 മുതൽ 50 ശതമാനം വരെ ശമ്പളം കുറച്ചുകഴിഞ്ഞു. ഹോട്ടലുകൾ മിക്കതും ഒഴിഞ്ഞുകിടക്കുന്നു. ഇതെല്ലാം ആയിരക്കണക്കിന് പ്രവാസികളെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. ഗ്രോസറികളും കഫറ്റേരിയകളുമെല്ലാം അടഞ്ഞുകിടപ്പാണ്. ഇവയിൽ ഏറെയും മലയാളികളാണ് ഉടമകളും ജീവനക്കാരും. ജോലിയോ, ബിസിനസോ ഇല്ലാതായതോടെ അവരും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ പോകാനായി കുവൈത്ത് ഒരു മാസവും ബഹ്റൈൻ ഒമ്പതുമാസവും നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. വിദേശ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

പെട്ടെന്നുതന്നെ വിമാനത്താവളങ്ങൾ തുറക്കുക, കഴിയുമെങ്കിൽ അതത് രാജ്യങ്ങളുമായി ചർച്ച ചെയ്ത് എല്ലായിടത്തേക്കും മെഡിക്കൽ ടീമുകളെ അയക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് ഓരോ പ്രവാസിയും ഉന്നയിക്കുന്നത്. എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നതാണ് പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ. ഗൾഫ് നാടുകളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. ആയിരക്കണക്കിന് പ്രവാസികൾക്ക് ഇപ്പോൾ വരുമാനമില്ല. താമസയിടങ്ങളിലും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പകരം സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർക്കൊപ്പംതന്നെ ജീവിക്കേണ്ടിവരുന്നു ചിലർക്ക്. ഗൾഫ് യുദ്ധം ഉണ്ടായപ്പോൾപ്പോലും പ്രവാസികൾ ഇങ്ങനെ ആശങ്കപ്പെട്ടിട്ടില്ല. ലോക്ഡൗൺ കഴിയുന്നതുവരെ കാത്തിരിക്കാനുള്ള ധൈര്യംപോലും ചോർന്നുപോയിരിക്കുന്നു പല പ്രവാസികൾക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here