ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയവരില്‍ കൂടുതലും കേരളത്തിലാണെന്ന അഭിമാനകരമായ പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84% പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

മാര്‍ച്ച് 9-നും 20-നുമിടയിലാണ് ഇവര്‍ ചികിത്സ തേടിയത്. എന്നാല്‍ ആകെയുള്ള 314 പോസിറ്റീവ് കേസുകളില്‍ കണക്കെടുക്കുമ്പോള്‍ ഇതുവരെ 17% പേരാണ് രോഗത്തെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗ പ്രതിരോധത്തില്‍ കേരളം ബഹുദൂരം മുന്‍പിലാണ്. ഞായറാഴ്ച പകല്‍ വരെയുള്ള കണക്ക് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 5.5% പേരാണ് രോഗമുക്തി നേടിയത്. അതായത് 35 പേര്‍. ഡല്‍ഹിയില്‍ 4.04%(18പേര്‍)പേരും രോഗമുക്തി നേടി. ഇവിടെയാണ് കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്.

രോഗമുക്തി നേടുന്നതില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊറോണ മരണ നിരക്കും വളരെ കുറവാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാത്രി വരെ 32 പേരാണ് മരിച്ചത്. ഡല്‍ഹി- 6. തെലങ്കാന, മധ്യപ്രദേശ്-11 വീതം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക്. പല കേസുകളിലും അതിവേഗത്തിലാണ് കേരളത്തില്‍ രോഗം ആളുകള്‍ക്ക് ഭേദമാകുന്നത്. കേരളത്തിലേതിനേക്കാള്‍ എത്രയോ കുറവ് കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലും മരണ നിരക്ക് കേരളത്തേക്കാള്‍ കൂടുതലാണ്.

കൊറോണ സ്ഥിരീകരിക്കുന്നവരെ റൂട്ട് മാപ്പ് തയ്യാറാക്കി ആയിരക്കണക്കിനാളുകളെ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാക്കിയത് കേരളത്തിലെ കേസുകള്‍ പൊടുന്നനെ വര്‍ധിക്കാതെ നോക്കുകയായിരുന്നു. രാജ്യത്ത് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയയാളുകളും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. റാന്നിയിലെ ദമ്പതിമാരുടെ ടെസ്റ്റ് ഫലം ഒമ്പത് തവണയും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗമുക്തി നേടിയതായി ഇവരെ കണക്കാക്കിയത്. ചിലരില്‍ കോവിഡ് വൈറസ് കുറച്ചു കാലം നിഷക്രിയമായി തുടര്‍ന്ന് രോഗം തിരികെ വരാനുള്ള സാധ്യതയുണ്ട് ഇത് കണക്കിലെടുത്താണ് 9 തവണ ടെസ്റ്റ് നടത്തി കേരളം മാതൃകയായത്.

ലോകാരോഗ്യ സംഘടനയുടെ കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് കേരളത്തിലെ കൊറോണ ചികിത്സയെന്നും രോഗികള്‍ക്ക് അധികം സമ്മര്‍ദ്ദം കൊടുക്കാത്ത അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു. ഇതോടെ കേരളം വലിയ വലിയ സമ്പന്ന രാജ്യങ്ങള്‍ക്ക് പോലും മാതൃകയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here