കേരളമാകെ അഞ്ചെട്ടു വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ബ്ലാക്ക് മാന്‍ കഥകളുമായി നല്ല ബന്ധമുള്ളതാണ് കുന്ദംകുളത്തെ കൊറോണക്കള്ളനെക്കുറിച്ചുള്ള കഥകള്‍. കള്ളനെ ചിലര്‍ ബ്ലാക്ക് മാന്‍ എന്നു തന്നെ വിശേഷിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം, മുമ്പ് പലയിടങ്ങളിലും ബ്ലാക്ക്മാനുമായി ബന്ധപ്പെട്ട് ചിലര്‍ ഇറക്കിയ സോദ്ദേശ്യ വീഡിയോകളും സന്ദര്‍ഭത്തിന് കൊഴുപ്പേകാന്‍ ഉപയോഗിക്കുന്നുണ്ട്.

നമ്മുടെ നാട്ടിലെ ബ്ലാക്ക് മാന്‍ ഇതിഹാസത്തെക്കുറിച്ച് വിക്കിപീഡിയ പറയുന്നത് ഇതാണ്: ”രാത്രിയില്‍ വീടുകളുടെ കതകുകളില്‍ മുട്ടി ശല്യപ്പെടുത്തുക, കോളിംഗ് ബെല്‍ അടിക്കുക, പൈപ്പിലെ വെള്ളം തുറന്നു വിടുക തുടങ്ങിയ ഉപദ്രവങ്ങള്‍ ചെയ്യുന്ന ബ്ലാക്ക് മാന്‍ എന്ന ഒരു കഥാപാത്രമുണ്ടെന്ന് ഏകദേശം 2012-മുതല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒരു അന്ധവിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. ചെവി കടിച്ചുപറിച്ച് മോഷണം നടത്തുക, സിറിഞ്ച് കൊണ്ട് ശരീരത്തില്‍ കുത്തുക (ഇത് എയ്ഡ്‌സ് പരത്താനാണത്രേ, ബ്ലേഡ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുക എന്നീ അക്രമങ്ങളും ബ്ലാക്ക് മാന്‍ ചെയ്യുന്നുണ്ടെന്നും കഥകളുണ്ട്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ് ഈ കഥകള്‍ കൂടുതലും പ്രചരിക്കുന്നതെങ്കിലും കാസര്‍കോട് ജില്ലയിലും ബ്ലാക്ക് മാനെ കാണപ്പെട്ടിട്ടുള്ളതായി വാര്‍ത്തയുണ്ട്. സ്ത്രീകളെ ആക്രമിക്കുന്ന ഒരു സംഘം ബ്ലാക്ക് മാന്മാര്‍ ഉണ്ടെന്നാണ് മറ്റൊരു കഥ. രാത്രിയില്‍ മാത്രമല്ല, വൈകുന്നേരം നാലുമണിക്കും ബ്ലാക്ക് മാന്‍ പ്രത്യക്ഷപ്പെട്ടതായും വാദമുണ്ട്. ഇത്തരം കഥകളില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.”

ആറടി -ഏഴടി മുതല്‍ 12 അടി വരെ ഉയരമുള്ള കഥാപാത്രമായാണ് ബ്ലാക്ക്മാനെ പറഞ്ഞുകൊണ്ടിരുന്നത്. പുള്ളീടെ കാലില്‍ സ്പ്രിംഗ് കൊണ്ടുള്ള ഷൂസ് ആണ്. എവിടെയും ചാടിമറയും പൊടുന്നനെ അപ്രത്യക്ഷമാവും. കറുത്ത നിറമുള്ളതും ഇല്ലാത്തതുമായ ബ്ലാക്ക്മാന്‍മാര്‍ കറുത്ത നിറമുള്ള മുഖംമൂടി ഉപയോഗിച്ചാണ് നിറം അഡ്ജസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും പത്തനം തിട്ടയിലും കാസര്‍കോട്ടും കണ്ണൂരും വയനാട്ടിലുമെല്ലാം ബ്ലാക്ക്മാന്‍ കഥകള്‍ വ്യാപകമായി പരന്നിരുന്നു. വെറും കഥ പരക്കലല്ല. മനുഷ്യര്‍ ആകെ ഭയന്നു നടന്നിരുന്നു. സ്ത്രീകളുടെ ഉറക്കം നഷ്ടപ്പെട്ടതായും പുരുഷന്‍മാര്‍ സര്‍വായുധങ്ങളുമായി കള്ളനെ പിടികൂടാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് നടന്നതായും അതിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ കാണാം. സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ആ കഥകളും പരന്നത്. കണ്ടവരില്ലാതെ, കേട്ടവര്‍ മാത്രം പറയുന്ന ആഖ്യാനങ്ങള്‍. കുന്ദം കുളത്തെ കൊറോണക്കള്ളനുമായി തരാതമ്യപ്പെടുത്തുമ്പോള്‍ ആ കഥകള്‍ക്ക് സമാനതകള്‍ ഏറെയാണ് എന്നതാണ് കൗതുകം. ഒപ്പം കുറച്ചു കാലമായി ബ്ലാക്ക്മാന്‍ കഥകള്‍ കേരളത്തിലങ്ങനെ കേള്‍ക്കാറില്ല എന്നതു കൂടി കൂട്ടിവായിക്കണം.

അതിനു കാരണം, പൊലീസ നടപടി തന്നെയായിരുന്നു. പലയിടങ്ങളിലും ബ്ലാക്ക് മാന്‍ പിടിയിലായി. വിതുര പാങ്ങോട് ഭാഗങ്ങളില്‍ ബ്ലാക്ക്മാനായി വിലസിയ തിരുവനന്തപുരം കരമന സ്വദേശി ഉണ്ണി എന്ന പ്രഭാത് 2014 ഡിസംബര്‍ മാസമാണ് പിടിയിലായത്. മൂവാറ്റുപുഴ ബ്ലാക്ക്മാന്‍ ബ്രാഞ്ച് കൈകാര്യം ചെയ്തിരുന്ന വിഷ്ണു എന്ന ഒരാളെ പോലീസ് അതേ വര്‍ഷം അറസ്റ്റ് ചെയ്തു. കോഴി മോഷ്ടാവായ ഒരു ബ്ലാക്ക് മാന്‍’ അരിമ്പൂരില്‍ പിടിയിലായി. കുന്നികോട് രണ്ടു യുവാക്കള്‍ ഇതേ പേരില്‍ പിടിയിലായി. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന അഭിജിത്ത് എന്ന 22 കാരനും ബ്ലാക്ക് മാന്‍ പണിയെടുത്തതിന് അഴിക്കുള്ളിലായി. കണ്ണൂര്‍ നഗരത്തില്‍ ബ്ലാക്ക് മാനായി ‘സ്തുത്യര്‍ഹനിലയില്‍’ പ്രവര്‍ത്തിച്ച തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പന്‍ എന്ന മുപ്പത്തഞ്ചുകാരനും പിടിയിലായി.

അതെങ്ങനെ പല ബ്ലാക്ക്മാന്‍ എന്ന് അമ്പരക്കണ്ട. ബ്ലാക്ക് മാന്‍ എന്നത് മറയാണ്. ആളുകളെ ഭയപ്പെടുത്താനുള്ള മറ. അതിന്റെ മറവില്‍ കള്ളന്‍മാര്‍ക്കും ക്രിമിനലുകള്‍ക്കും തോന്നുന്നതെന്തും ചെയ്യാം. ബ്ലാക്ക്മാനെ തിരയുന്നു എന്ന വ്യാജേന ഏതായുധവുമായും സംഘം ചേര്‍ന്ന് കറങ്ങിനടക്കാം. മഫ്ത്തിയില്‍ എത്തിയ പൊലീസിനെ പോലും ചോദ്യം ചെയ്ത് തല്ലിയിട്ടുണ്ട്, ഇത്തരം പരോപകാരികള്‍. ഡി എച്ച് ആര്‍ എം എന്ന ദലിത് സംഘടനയുടെ പ്രവര്‍ത്തകരെ കറുത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ബ്ലാക്ക്മാനാക്കി മര്‍ദ്ദിച്ചിട്ടുണ്ട് ഇത്തരക്കാര്‍. വഴിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടു എന്ന് പറഞ്ഞ് ആരെയും ഉപദ്രവിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ച സന്ദര്‍ഭമായിരുന്നു അത്.

സംഗതി ഇത്രയേ ഉള്ളൂ. ബ്ലാക്ക് മാന്റെ മറവില്‍ പല സ്ഥലങ്ങളില്‍ പലര്‍ അഴിഞ്ഞാടി. കുറേ പേരൊക്കെ പിടിയിലായി. കുറേ പേരൊക്കെ ഒതുങ്ങി. കഥകളുടെ ഒഴുക്കു കുറഞ്ഞു. അങ്ങനെയിരിക്കെ, സ്വാഭാവികമായും പുതിയ അവതാരങ്ങള്‍ പിറക്കേണ്ടി വരും. സദാചാര പൊലീസിംഗിനുള്ള മറവായി വ്യാപകമായി ഉപയോഗിക്കപ്പെട്ട ബ്ലാക്ക്മാന്‍ കഥകളുടെ കൊറോണക്കാല-ലോക്ക് ഡൗണ്‍ കാല ഭാഷ്യം ആയി വേണം പുതിയ കഥകളെ മനസ്സിലാക്കാന്‍. ഇതാണ്, പൊലീസില്‍ നിന്നും മനസ്സിലാവുന്ന ഒരു വശം.

കള്ളന്‍ ഇന്നേരത്തിറങ്ങിയത് എന്തു കൊണ്ടാവും?

എന്തുകൊണ്ടാവും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ആര്‍ക്കും തോന്നാവുന്ന സംശയമാണ്. അങ്ങനെ തോന്നിയിട്ടാണ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സെക്യാട്രി വിഭാഗം തലവന്‍ ഡോ. മോഹന്‍ റോയുമായി സംസാരിച്ചത്. കൊറോണ വൈറസിനൊപ്പം തന്നെ നടക്കുന്ന ഭീതിയുടെ, അരക്ഷിതാവസ്ഥയുടെ സാമൂഹ്യവ്യാപനമാണ് കുന്ദംകുളത്ത് സംഭവിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

വിശദമായി അറിയണമെങ്കില്‍, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ വായിക്കാം:

നിഗൂഢതകള്‍, രഹസ്യങ്ങള്‍, ചുരുളഴിക്കാനാവാത്ത ദുരൂഹതകള്‍ എന്നിവയുടെയൊക്കെ പിന്നാലെ പോവാനുള്ള പ്രവണത മനുഷ്യമനസ്സിനുണ്ട്. അതാണ് ക്രൈം ത്രിലല്ലറുകള്‍ക്ക് ലോകത്തില്‍ ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മനുഷ്യരാശിയുടെ വികാസ പരിണാമ ചരിത്രം തന്നെ ഇക്കാര്യം തെളിയിക്കുന്നു. നമുക്ക് ഭയമുള്ള, ഭീതിയുള്ള, നമ്മുടെ നിയന്ത്രണത്തില്‍ വരാത്ത പ്രാപഞ്ചിക പ്രതിഭാസങ്ങളെ ലോകമെങ്ങുമുള്ള മനുഷ്യര്‍ ദൈവമായി ആരാധിച്ചു പോന്നിട്ടുണ്ട്. തീയും കാറ്റും സൂര്യനും ചന്ദ്രനും കടലും പര്‍വ്വതവുമെല്ലാം നമ്മുടെ പുരാണതേിഹാസങ്ങളില്‍ ആരാധിക്കപ്പെട്ടത് ഇങ്ങനെയൊരു ഭയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.

പ്രതിസന്ധികളുടെ കാലത്തിലാണ് മനുഷ്യന്‍ എപ്പോഴും ഇത്തരം വിശ്വാസങ്ങളിലേക്ക് പോവുന്നത്. ഇത് അത്തരമൊരു ആഗോള പ്രതിസന്ധിയുടെ കാലമാണ്. മനുഷ്യര്‍ അരക്ഷിതരാണ്. ഏതുനിമിഷവും തേടിയെത്തുന്ന മരണത്തെക്കുറിച്ചുള്ള ബോധ്യം അവരെ അടിമുടി ഇളക്കിമറിച്ചിട്ടുണ്ട്. അരക്ഷിതാവസ്ഥ, ശാസ്ത്രബോധമില്ലായ്മ, നവമാധ്യമങ്ങളുടെ സാദ്ധ്യത എന്നിയെല്ലാം ഇതിനൊപ്പം വരുമ്പോഴാണ്് മരങ്ങളില്‍നിന്നും മരങ്ങളിലേക്ക് പറക്കുന്ന കൊറോണക്കള്ളന്‍മാര്‍ ഉണ്ടായിവരുന്നത്.

ഏഴടി ഉയരമുള്ള എത്ര മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ട് എന്ന് നമുക്കറിയാം. ഗിന്നസ് ബുക്കില്‍ ഏറ്റവും ഉയരമുള്ള ആളുടെ ഉയരം എത്രയെന്നും അറിയാം. മനുഷ്യര്‍ മരങ്ങളില്‍നിന്നും മരങ്ങളിലേക്ക് പറന്നുപോവാന്‍ സാധ്യത ഇല്ലെന്നും ഇതുപോലെ നമുക്കറിയാം. എന്നാലും നമുക്കിഷ്ടമാണ് അങ്ങനെയൊക്കെ ആലോചിക്കാന്‍. വിശ്വസിക്കാന്‍. ഭയപ്പെടാന്‍.

യഥാര്‍ത്ഥത്തില്‍ കള്ളിയങ്കാട് നീലി കള്ളിയങ്കാട് ഗ്രാമത്തില്‍ ഒതുങ്ങിപ്പോയത് കാലം അതായതു കൊണ്ടാണ്. ഇന്നായിരുന്നെങ്കില്‍, കായംകുളം നീലിയും കൊയിലാണ്ടി നീലിയും ആലപ്പുഴ നിലിയും മുഹമ്മ നീലിയും ഹോസ്ദുര്‍ഗ് നീലിയും ഒക്കെ ഉണ്ടായേനെ. ഇത്തരത്തിലുള്ള ഭീതികളുടെ സമൂഹവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്.

സാമൂഹ്യ വിരുദ്ധരുടെ പങ്കാണ് പൊലീസ് എടുത്തുപറയുന്നത്. സമൂഹം ഏത് രീതിയില്‍ ചിന്തിക്കുന്നോ അതിനു കടകവിരുദ്ധമായി ചിന്തിക്കുന്നവര്‍ എന്നാണല്ലോ സാമൂഹ്യ വിരുദ്ധര്‍ എന്നതിനര്‍ത്ഥം. നമ്മുടെ സമൂഹം ഇപ്പോള്‍ ചിന്തിക്കുന്നത് വീട്ടിലിരിക്കുന്നതിനെ കുറിച്ചാണ്. കൂട്ടം ചേരാതെ ഒറ്റയാവാനാണ്. അതിനു വിരുദ്ധമായി ചിന്തിക്കുന്നവരാണ് ആളുകളെ വീടുകളില്‍ നിന്നിറക്കാനുള്ള മാര്‍ഗം നോക്കുന്നത്. ആളുകളെ കൂട്ടം ചേര്‍ന്ന് പുറത്തിറക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭീതിയും ഉണ്ടാക്കാനും അതു കണ്ട് നിഗൂഢമായി ചിരിക്കാനും ആഗഹിക്കുന്നവര്‍ തന്നെയാണ്, കുന്ദകുളവും പരിസരത്തും ഭയത്തിന്റെ പടര്‍ത്തുന്നത്.

ഒരൊറ്റ രാത്രി കൊറോണക്കള്ളൻ വിസിറ്റ് ചെയ്ത മേഖലകളും സമയവും അറിയണോ? ഗ്രൂപ്പുകളിലായി കിട്ടിയ വിവരം വെച്ച് പ്രദേശവാസിയായ മാധ്യമപ്രവര്‍ത്തകന്‍ സുര്‍ജിത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വിവരങ്ങളാണിത്:

2020 മാര്‍ച്ച് 31

……………….
അയിനൂര് 7.30
മങ്ങാട് സ്‌കൂള്‍ പാടത്ത് 8.00
അരുവായി 8. 10
കൊച്ചന്നൂര് 9.00
പെങ്ങാമുക്ക് ചെര്‍ലി പുഴ 9.00
കാണിപ്പയ്യൂര് 9. 30
വടുതല വട്ടമ്പാടം 9.35
കാട്ടകാമ്പാല്‍ വൈഎംസി 10.00
മങ്ങാട് ലക്ഷം വീട് 10;15
പന്തല്ലൂര് 10;15

സ്വാഭാവികമായും നമുക്കുണ്ടാവുന്ന സംശയങ്ങള്‍ ഇവയായിരിക്കും.

  1. ഇത്രയും സ്ഥലത്തു വന്നിട്ടും ഈ കള്ളനെ കണ്ടത് ആരൊക്കെയാണ്?
  2. കള്ളന്‍ കയറിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ്?
  3. കള്ളന്റെ ദേഹോപദ്രവം ഏറ്റത് ആര്‍ക്കൊക്കെയാണ്?

കിട്ടുന്ന മറുപടികള്‍ ഇവയാണ്:

  1. കള്ളനെ കണ്ടു എന്നു പറഞ്ഞ് ആകെ പ്രചാരത്തിലുള്ളത്, വിനോദ് എന്ന് മറ്റൊരാള്‍ പരിചയപ്പെടുത്തുന്ന ഒരു മധ്യവയസ്‌കന്റെ വീഡിയോ ദൃശ്യമാണ്. അതിലദ്ദേഹം പറയുന്നത്, കള്ളന്‍ ജസ്റ്റ് മിസ് ആയി എന്നാണ്. പിടിക്കാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് കള്ളന്‍ അപ്പുറത്തെ പറമ്പില്‍ മറഞ്ഞത്രെ. ‘മറ്റ് ടീമുകള്‍ വന്ന് വീണ്ടും കൈയില്‍ കിട്ടിയപോലെ ആയപ്പോള്‍’ കള്ളന്‍ രക്ഷപ്പെട്ടത്രെ. കള്ളനെക്കുറിച്ച് പുള്ളി പറയുന്ന മറ്റു വിവരങ്ങള്‍ ഇതാണ്: ആറടി ഉയരം. മുഖംമൂടി ഇട്ടിട്ടുണ്ട്. ആയുധങ്ങളൊന്നുമില്ല. തോളില്‍ ചെറിയൊരു ഹാന്റ്ബാഗ്. ബില്‍ഡിംഗില്‍നിന്നൊക്കെ ചാടുക, മുന്നില്‍വന്ന് അപ്രത്യക്ഷമായി പോവുക ഇങ്ങനെയൊക്കെ ചെയ്യുന്ന നല്ല ‘കഴിവുള്ള’ ആരോ ആണ്.

പുള്ളി ആറടി ഉയരം എന്നു പറയുമ്പോള്‍, മറ്റെല്ലാ സ്ഥലങ്ങളിലും പ്രചരിക്കുന്ന കഥ ഏഴടി ഉള്ള കള്ളന്‍േറതാണ്. ആറടിക്കും ഏഴടിക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നല്ല ബോധ്യത്തോടെ തന്നെയാണ് ആളുകള്‍ കൂളായി, ആധികാരികമായി ഏഴടി എന്നു പറയുന്നത്.

  1. ഇതുവരെ ഒരിടത്തും മോഷണം നടന്നിട്ടില്ല. അത്തരം ഒരു പരാതിയും ഇല്ല.
  2. ഒരാള്‍ക്കും ദേഹോപദ്രവം ഏറ്റെന്നു പറയുന്നില്ല. ചില കഥകളില്‍ ഏതോ സ്ത്രീയെ മാന്തി എന്നു പറയുന്നുണ്ട്. എന്നാല്‍, ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

വാട്ട്‌സപ്പില്‍നിന്നും ഇപ്പോള്‍ കള്ളന്റെ കാര്യം പൊലീസിന്റെ ചുമതലയില്‍ എത്തിയിട്ടുണ്ട്. നാട്ടുകാര്‍ മുഴുവന്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വെളിയിലിറങ്ങൂകയും സാമൂഹ്യ അകലം എന്ന നിര്‍ദേശം ലംഘിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുന്ദംകുളം പൊലീസും വടക്കേക്കാട് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

കുന്ദംകുളം സി ഐ കെ. ജി സുരേഷ് ഇക്കാര്യത്തില്‍ പറയുന്നത് ഇതാണ്: രാത്രികാലങ്ങളില്‍ പൊതുജനങ്ങള്‍ തെരുവിലിറങ്ങി കള്ളനെന്നു പറഞ്ഞ് പായുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ മഫ്ത്തിയിലും അല്ലാതെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ചിലരെ പിടികൂടിയിട്ടുണ്ട്. ഇതുമായി ഒരു ബന്ധവുമില്ലാത്ത ചിലര്‍. സാമൂഹ്യ വിരുദ്ധരോ, പുറത്തുപറയാന്‍ നാണക്കേടുള്ള ചില കാര്യങ്ങള്‍ ചെയ്യാനിറങ്ങിയവരോ ആണ്. അന്വേഷണത്തില്‍ മനസ്സിലായത്, ഇത് വ്യാജപ്രചാരണമാണ് എന്നാണ്. ഇന്നുവരെ ഒരു മോഷണവും നടന്നിട്ടില്ല, ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ഒരൊറ്റ പരാതിയും ലഭിച്ചില്ല, നിരവധി സിസിടിവി ക്യാമറകള്‍ ഉള്ള പ്രദേശമാണ് പഴഞ്ഞി. ഒരൊറ്റ ക്യാമറയില്‍ പോലും ഇപ്പറയുന്ന മട്ടിലുള്ള രൂപത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. രണ്ട്് ദിവസം പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ പിന്നെ പരാതിയുമായി ഒരു ഫോണ്‍കോളും ഉണ്ടായിട്ടില്ല. ഇവിടന്നു മാറി വടക്കേക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കള്ളനെന്നാണ് ഇപ്പോള്‍ കഥകള്‍.

അതു ശരി, പുള്ളി വടക്കേക്കാട്ടെത്തിയോ? എന്നാല്‍ പിന്നെ അതറിയണമല്ലോ. അങ്ങനെ വടക്കേക്കാട് എസ് ഐ കെ. ആര്‍ അബ്ദുല്‍ ഹക്കീമിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് രസകരമായ കാര്യങ്ങളാണ്: ”നാല് ഗ്രൂപ്പുകളായി പ്രേദശത്താകെ പൊലീസ് പട്രോളിംഗ് നടത്തി. ഒരൊറ്റ ആളും ഇപ്പറയുന്ന കള്ളനെ കണ്ടിട്ടില്ല. കേട്ടറിവല്ലാതെ ഒരാള്‍ക്കും കണ്ടറിവ് പറയാനില്ല. സിസിടിവിയിലൊന്നും ഇതുമായി ബന്ധപ്പെട്ട ഒരു ദൃശ്യവുമില്ല. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് പറഞ്ഞ് മെസേജുകള്‍ പ്രചരിപ്പിച്ചിരുന്നു. ഒരൊറ്റ ആളും വിളിച്ചിട്ടില്ല.”

”ആളുകള്‍ പേടിച്ചിരിപ്പാണ് എന്നത് സത്യമാണ്. ഈയടുത്ത് കുന്ദംകുളം ഭാഗത്ത് ഒരു പന അകാരമായി ആടിക്കൊണ്ടിരിക്കുന്നു എന്ന വിവരം ലഭിച്ചു. പൊലീസ് ചെന്ന് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ അതിനു മുകളിലുണ്ട് ഒരു മരപ്പട്ടി. അവിടെയുള്ള ഒരാളും പേടിച്ചിട്ട് ഒന്നു ടോര്‍ച്ചടിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതൊക്കെയാണ് പേടി പടരാന്‍ കാരണം.”

”ലോക് ഡൗണ്‍ കാരണം ആരോ ഇറക്കിയ കഥകളാണ് ഇതൊക്കെ എന്നാണ് കരുതുന്നത്. വീട്ടിലിരുന്ന് ആളുകള്‍ക്ക് മടുത്തു. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. അപ്പോള്‍ പുറത്തിറങ്ങാന്‍ ഒരു കാരണം വേണം. പിന്നെ, കള്ളനെ തിരയുന്ന മറവില്‍ ആര്‍ക്കും എന്ത് വേണമെങ്കിലും ചെയ്യാം. എവിടെയും പോവാം. ആയുധങ്ങളുമായി നടക്കാം. മറ്റൊന്ന് സദാചാര പൊലീസിംഗ് ആണ്. ആരും റോട്ടിലില്ലാത്തതിനാല്‍ അവിഹിത ബന്ധങ്ങളൊക്കെ സുഖമായി നടക്കുന്ന സാഹചര്യമാണ്, അതൊന്ന് തടയണം എന്നൊക്കെക്കരുതിയാല്‍ പറ്റിയ പണി ഇതാണ്. പലര്‍ക്കും പല താല്‍പ്പര്യങ്ങളുണ്ടാവും. എന്നാലും കൊറോണ വൈറസിന്റെ സമയത്ത് ഇങ്ങനെ ആളുകള്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമേയില്ല.”–എസ് ഐ അബ്ദുല്‍ ഹക്കീം ഇങ്ങനെ പറഞ്ഞുനിര്‍ത്തുന്നു.

കടപ്പാട്..

LEAVE A REPLY

Please enter your comment!
Please enter your name here