ദുബായ് : യുഎഇയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച 210 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.വെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്ക് അനുസരിച്ച് 1024 പേർക്കാണ് യുഎഇയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. അസുഖം ഭേദമായവരുടെ എണ്ണം 96 ആയെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ മരിച്ചതെന്നും, ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

കുവൈറ്റിൽ കൊവിഡ് 19 വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 14 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി ഉയർന്നു. അതോടൊപ്പം തന്നെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 342 ആയി ഉയര്‍ന്നിട്ടുണ്ട്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

വൈറസ് വ്യാപനം തടയുവാനായി ശക്തമായ പ്രതിരോധ നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേകസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേർക്ക് കൊവിഡ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here