കോട്ടയം: ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ട റാന്നി സ്വദേശികളായവൃദ്ധ ദമ്പതികളും
ചികിത്സിച്ച നഴ്‌സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. കോവിഡ് 19 ബാധയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളാണ തോമസ് (93) മറിയാമ്മ (88) എന്നിവരാണ് കൊറോണ വൈറസ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഇവർ മടങ്ങിയത്.കേരളത്തിന് ഇത് അഭിമാനനിമിഷമാണ്. ലോകത്ത് തന്നെ 60 വയസിന് മുകളിൽ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്.ഒരുഘട്ടത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി.

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഈ വൃദ്ധ ദമ്പതികൾക്കുമാണ് മാർച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. പിന്നീട് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ചുമയും പനിയും കോവിഡിൻറെ ലക്ഷണങ്ങളുമുണ്ടായിന്ന ഇവരെ പേവാർഡിലാണ് അഡ്മിറ്റ് ചെയ്തത്. ആദ്യ പരിശോധനയിൽ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബറ്റീസും ഹൈപ്പർ ടെൻഷനും ഉള്ളതായി മനസിലാക്കിയതിൻറെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.തോമസിന് ആദ്യ ദിവസങ്ങളിൽ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാൽ ഇവരെ മെഡിക്കൽ ഐസിയുവിൽ വിഐപി റൂമിലേക്ക് മാറ്റിയിരുന്നു.

ഇവരെ രണ്ടുപേരെയും ഓരോ റൂമുകളിൽ തനിച്ചു പാർപ്പിച്ചിരുന്നതിനാൽ ഇവർ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. ആയതിനാൽ പതിനൊന്നാം തീയതി ഇവർ രണ്ടുപേർക്കും പരസ്പരം കാണാൻ കഴിയുന്ന വിധം ട്രാൻസ്പ്ലാൻറ് ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്കുവച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതൽ ആവുകയും ഓക്‌സിജൻനില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ആയതിനാൽ തോമസിനെ വെൻറിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.

തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധ ഇതിനിടയിൽ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയിൽ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകൾ ഒഴിച്ചാൽ തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here