കൊച്ചി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടിയപ്പോൾ പഠനത്തിന് ഓൺലൈൻ സംവിധാനമൊരുക്കി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. പഠിപ്പിക്കലും അസൈൻമെന്റും സെമിനാറുകളുമെല്ലാം ഉൾപ്പെടുന്ന ഓൺലൈൻ മോഡൽ പഠനരീതിയാണ് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആവിഷ്കരിച്ചിട്ടുള്ളത്. ഓരോ എൻജിനീയറിങ് ശാഖയ്ക്കും പ്രത്യേകം ഫോൾഡറുകളിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെമസ്റ്റർ, കോഴ്സ് വിവരങ്ങൾ അടങ്ങിയ ഹ്രസ്വമായ കുറിപ്പും ഇവയോടൊപ്പമുണ്ട്. കേരള സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചിരിക്കുന്ന സിലബസാണ് സ്കൂൾ ഓഫ് എൻജിനീയറിങ് ഓൺലൈൻ ക്ലാസുകളിലും പിന്തുടരുന്നത്. പ്രഥമ പരിഗണന നൽകിയത് അഞ്ചും ആറും മോഡ്യൂളുകളിലെ വിഷയങ്ങൾക്കാണ്.

ADVERTISEMENT

വിവിധ എൻജിനീയറിങ് ശാഖകളിലും മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളിലുമായി 200ലധികം വിഡിയോകൾ ആർഎസ്ഇടി വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫാക്കൽറ്റി അംഗങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. അവസാന മൊഡ്യൂളിലെ കൂടുതൽ വിഡിയോ ലെക്ചറുകൾ ഉടൻതന്നെ അപ്ലോഡ് ചെയ്യും. ഇത് രാജഗിരിയിലെ വിദ്യാർഥികൾക്ക് മാത്രമല്ല കെ.ടി.യു സിലബസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഉപകാരപ്രദമാകുമെന്ന് ആർ.എസ്.ഇ.ടി. പ്രിൻസിപ്പൽ പ്രഫ. പി.എസ്. ശ്രീജിത്ത് പറയുന്നു.

കോളേജിന്റെ www.rajagiritech.ac.inഎന്ന വെബ്സൈറ്റിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള ലിങ്ക് ലഭ്യമാണ്.

കേരളത്തിൽ മാത്രം 140ലധികം കോളജുകളിലായി 30,000 ൽ അധികം എൻജിനീയറിങ് വിദ്യാർഥികളുണ്ട്. ഇന്ത്യയിലെ ആകെ കണക്ക് 29 ലക്ഷത്തോളമാണ്. ഇവരെല്ലാം ഇപ്പോൾ പഠിക്കാനാകാതെ വെറുതേയിരിക്കുകയാണ്. വിദ്യാർഥികൾ ഈ വിഡിയോ സെഷനുകൾ അവധിക്കാലത്ത് ഉപയോഗപ്പെടുത്തണമെന്നും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും കോളജിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ആർ.എസ്.ഇ.ടി ഡയറക്ടർ ഫാ. മാത്യു വട്ടത്തറ പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here