തിരുവനന്തപുരം : സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നിന് തുടങ്ങുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. ഏപ്രില്‍ 20നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. അഞ്ച് പേരില്‍ കൂടുതല്‍ ഒരു സമയത്ത് റേഷന്‍ കടകളില്‍ ഉണ്ടാകാന്‍ പാടില്ല. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അവര്‍ക്കും സൌജന്യ റേഷന്‍ ലഭിക്കും. ദിവസവും ഉച്ച വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്ന് മന്ത്രി പറഞ്ഞു.

ADVERTISEMENT

അന്ത്യോദയ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.

15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും. ഏപ്രിൽ 20ന് മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണമെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും. എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൌജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാനായി മൂന്ന് മാസത്തേക്ക് ധാന്യം സംഭരിക്കാന്‍ ശ്രമിക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു‍. ജീവനക്കാരും തൊഴിലാളികളും രാപ്പകല്‍ അദ്ധ്വാനിച്ചാണ് ഇത് നടത്തുന്നത്. 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here