ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി നിലവിലുള്ള മേല്‍ശാന്തി പഴയത്ത് മന സുമേഷ് നമ്പൂതിരി തന്നെ തുടരും. ഏപ്രില്‍ 30 വരേയ്ക്കോ,പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്ത് ചുമതല ഏറ്റെടുക്കുന്നത് വരേയ്ക്കോ ഏതാണ് ആദ്യം സംഭവിക്കുന്നതെങ്കില്‍ അത് വരെ ദേവസ്വം കാലാവധി നീട്ടി നല്കി .2019 ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസത്തേക്കായിരുന്നു മേല്‍ശാന്തിയുടെ കാലാവധി. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍മൂലം ക്ഷേത്രം അടച്ചിട്ടതിനാല്‍ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തടസപ്പെട്ടിരുന്നു. അതിനാലാണ് ആറു മാസത്തേക്കുകൂടി സുമേഷ് നമ്പൂതിരിക്ക് അവസരം നീട്ടിക്കൊടുത്തത്.
അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യമാണെങ്കിലും ഇത്തവണത്തേതും കൂട്ടി ക്ഷേത്രം ഓതിക്കന് കുടുംബാംഗമായ സുമേഷ് നമ്പൂതിരി നാലാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേല്‍ശാന്തിയായിരുന്നു. നേരത്തെ രണ്ടു തവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മകനാണ് സുമേഷ്.