
കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി. രോഗബാധ മൂലം ഇന്നലെ മാത്രം 6 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1000 കടന്നു. ലോക്ഡൗൺ അഞ്ചാം ദിവസത്തിലും സമ്പൂർണമായിരുന്നു.
ഇന്നലെ മാത്രം 6 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ രണ്ട് പേരും ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ ഉച്ചയോടെ തന്നെ 1000 കടന്നിരുന്നു. രാജ്യത്ത് 1100 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. രാജസ്ഥാനിലെ അജ്മീരിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത മൂന്ന് ബന്ധുക്കൾക്ക് കൂടി ഇന്നലെ രാത്രിയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ സൈന്യത്തിൽ ഒരു ഡോക്ടറടക്കം രണ്ട് പേർ കോവിഡ് ബാധിതരായി. ഏറ്റവും കൂടുതൽ മരണവും രോഗബാധയും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 8 പേർ മരിച്ചപ്പോൾ 203 പേർ രോഗബാധിതരായി. കോവിഡ് 19നെ നേരിടാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ കഴിഞ്ഞ ദിവസത്തിലും സമ്പൂർണമായിരുന്നു.
അതേസമയം കൃത്യവിലോപം കാണിച്ചെന്നാരോപിച്ച് രണ്ട് ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കേന്ദ്രം സസ്പെൻഡ് ചെയ്തു. ഡൽഹി സർക്കാറിന് കീഴിലെ ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്