തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കൊറോണ വാർ റൂമിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകി ഉത്തരവായി. അതിഥിത്തൊഴിലാളികളുടെ താമസം, ഭക്ഷണം തുടങ്ങിയവയുടെ പരാതിപരിഹാരത്തിന് പ്രണബ് ജ്യോതിനാഥ്, കെ. ജീവൻബാബു എന്നിവർ മേൽനോട്ടം വഹിക്കും.ഹരിത വി. കുമാർ, ജോഷി മൃൺമയി ശശാങ്ക്, കെ. ഇമ്പശേഖർ എന്നിവർ തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗതാഗത ചരക്കുനീക്കത്തിന് മേൽനോട്ടം വഹിക്കും. ഇക്കാര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളുടെ ചുമതലയും ഇവർക്കാണ്. പി.ഐ. ശ്രീവിദ്യ, ജീവൻ ബാബു, എസ്. ചന്ദ്രശേഖർ എന്നിവർ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗതാഗതവും ചരക്കുനീക്കവും കൈകാര്യം ചെയ്യും. ഇക്കാര്യത്തിൽ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളുടെ ചുമതലയും ഇവർ വഹിക്കും.

ADVERTISEMENT

അന്തർസംസ്ഥാന ഗതാഗതത്തിന്റെയും അന്തർ ജില്ലാ ഗതാഗതത്തിന്റെയും ചുമതല ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ്. ഫിനാൻസ് എക്സ്‌പെൻഡിച്ചർ, പോർട്ട് സെക്രട്ടറി സഞ്ജയ് കൗളിനാണ് ചരക്കുനീക്കത്തിന്റെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിന്റെയും മൊത്തത്തിലുള്ള ചുമതല. വാർ റൂമിൽ ദിവസേന രാവിലെ 10 നും വൈകിട്ട് 5 നും അവലോകനയോഗങ്ങളുണ്ടാകും. വാർ റൂം ഡ്യൂട്ടിയിലുള്ളവർക്ക് ലോഗ് ബുക്ക് ക്രമീകരിക്കും. ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ റൊട്ടേഷൻ ക്രമത്തിലാകും ഡ്യൂട്ടിക്ക് ഹാജരാകുക. വാർ റൂം ജീവനക്കാർക്ക് ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകും. ദിവസേനയുള്ള അവലോകനയോഗങ്ങൾക്കായി വിവിധ വകുപ്പുകളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഏകോപിപ്പിച്ച് തയാറാക്കണം. സെക്രട്ടേറിയറ്റ് പൊതുഭരണ (ഹൗസ് കീപ്പിംഗ്) വിഭാഗം ദിവസം നാലുനേരമെങ്കിലും വാർ റൂം സാനിറ്റൈസ് ചെയ്യണം. സെക്രട്ടേറിയൽ ജീവനക്കാരെ പൊതുഭരണ വകുപ്പ് നൽകണം.

COMMENT ON NEWS

Please enter your comment!
Please enter your name here