തൃശൂർ: കോവിഡ് 19 ന്‍റെ ഭീതിയും വ്യാപനവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം എക്സിബിഷൻ വേണ്ടെന്നുവച്ചു.

രാജ്യത്തു ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൂരം എക്സിബിഷൻ വേണ്ടെന്ന തീരുമാനമാണ് എക്സിബിഷൻ കമ്മിറ്റിയും തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളും കൈക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിനു പൂരം എക്സിബിഷൻ സംബന്ധിച്ചു യോഗം ചേരാൻ നിശ്ചയിച്ചിരുന്നുവെങ്കിലും 14 വരെ ലോക്ക് ഡൗണ്‍ തുടരുന്നതിനാൽ യോഗം ചേരേണ്ടെന്നാണ് തീരുമാനം. എക്സിബിഷന്‍റെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.

14നുശേഷം ഇളവുകൾ വരികയാണെങ്കിൽപോലും പണികൾ പൂർത്തിയാകാൻ സമയമെടുക്കും. കടുത്ത നിയന്ത്രണങ്ങളോടെ എക്സിബിഷൻ നടത്താൻ സാധിക്കില്ലെന്നിരിക്കെ 57-ാമതു പൂരം എക്സിബിഷൻ വേണ്ടെന്നുവയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എക്സിബിഷൻ കമ്മിറ്റിയും ദേവസ്വങ്ങളും യോഗം ചേർന്ന് അന്തിമപ്രഖ്യാപനം വൈകാതെ നടത്തും. അതേസമയം, തൃശൂർ പൂരത്തിന്‍റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൂരം ചടങ്ങുമാത്രമായി നടത്തേണ്ടിവരുമെന്നാണ് അധികൃതരും ദേവസ്വം അധികൃതരും നൽകുന്ന സൂചന. കുടമാറ്റത്തിനുള്ള കുടകളുടെ പണികളെല്ലാം ഇരുദേവസ്വങ്ങളും നിർത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here