കോവിഡ്-19 പ്രതിരോധം ; ഇന്ത്യ ഒന്നാം സ്ഥാനത്ത് , അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

തിരുവനന്തപുരം: കോവിഡ് 19 എന്ന വൈറസ് ലോകമാകെ പടരുമ്പോള്‍ ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങളെ അഭിനന്ദിച്ച് വീണ്ടും ലോകാരോഗ്യ സംഘടന. കോവിഡ്-19 നെതിരെ മികച്ച പ്രതിരോധമാണ് ഇന്ത്യ ഒരുക്കിയത്. ജനുവരി 30-ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കിയതിനു പിന്നാലെ വിസ റദ്ദാക്കുകയും രാജ്യാന്തര വിമാനസര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ ഇന്ത്യ ഇതു നടപ്പിലാക്കി.

2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതെങ്കിലും ജനുവരി 18 മുതല്‍ തന്നെ ചൈനയില്‍ നിന്നുമെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അതേസമയം കോവിഡ് 19 ഏറ്റവും അധികം നാശമുണ്ടാക്കിയ ഇറ്റലിയും സ്‌പെയിനും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് 25 മുതല്‍ 39 ദിവസത്തിനു ശേഷമാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും വിമാനത്താവളങ്ങളില്‍ എത്തുന്നവരെയും കൂടുതല്‍ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനില്‍ നിര്‍ദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാന്‍ ഫലപ്രദമായ പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതുവരെ കൈക്കൊണ്ട നടപടികള്‍ ഇങ്ങനെ :

ജനുവരി 17- ചൈനയിലേക്കു പോകുന്നത് ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം.

ജനുവരി 18- ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന യാത്രക്കാരെ പരിശോധിക്കല്‍.

ജനുവരി 30– ചൈനയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന കര്‍ശനമായ മാര്‍ഗ നിര്‍ദേശം.

ഫെബ്രുവരി 03 – ചൈനീസ് പൗരന്‍മാരുടെ ഇ-വീസ സൗകര്യം റദ്ദാക്കി.

ഫെബ്രുവരി 22– സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം. കാഠ്മണ്ഡു, ഇന്‍ഡോനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ക്കു പരിശോധന.

ഫെബ്രുവരി 26– ഇറാന്‍, ഇറ്റലി, കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന മാര്‍ഗനിര്‍ദേശം. ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കും. പരിശോധനാ ഫലം അനുസരിച്ച് ക്വാറന്റൈന്‍.

മാര്‍ച്ച് 3- ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള വീസ റദ്ദാക്കി. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഹോങ്കോങ്, മക്കാവു, വിയറ്റ്‌നാം, മലേഷ്യ, ഇന്‍ഡോനീഷ്യ, നേപ്പാള്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ടോ അല്ലാതെയോ എത്തുന്നവര്‍ക്കു പരിശോധന നിര്‍ബന്ധമാക്കി.

മാര്‍ച്ച് 4– എല്ലാ രാജ്യാന്തര വിമാന യാത്രികര്‍ക്കും നിര്‍ബന്ധിത പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കാനോ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനോ തീരുമാനം.

മാര്‍ച്ച് 5– ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കു പ്രവേശിക്കുംമുന്‍പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍.

മാര്‍ച്ച് 10- മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയല്‍: രാജ്യാന്തര വിമാന യാത്രക്കാര്‍ ആരോഗ്യം സ്വയം വിലയിരുത്തുകയും ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ചെയ്യാവുന്നതും ചെയ്യരുതാത്തതും: ചൈന, ഹോങ്കോങ്, കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഇറാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ തിരിച്ചെത്തി 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

മാര്‍ച്ച് 11- ചൈന, ഇറ്റലി. ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ 2020 ഫെബ്രുവരി 15നു ശേഷം കഴിയുകയോ യാത്ര ചെയ്യുകയോ ചെയ്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

മാര്‍ച്ച് 16, 17, 19– സമഗ്രമായ മാര്‍ഗനിര്‍ദേശം:
മാര്‍ച്ച് 16- യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നു വരുന്ന യാത്രികര്‍ക്കും കുറഞ്ഞതു 14 ദിവസത്തേക്കു ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്‍, ടര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു പ്രവേശനം വിലക്കി.

മാര്‍ച്ച് 17- അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കു പ്രവേശനം വിലക്കി.

മാര്‍ച്ച് 19– മാര്‍ച്ച് 22 മുതല്‍ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കി.

മാര്‍ച്ച് 25- രാജ്യാന്തര വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള വിലക്ക് 2020 ഏപ്രില്‍ 14 വരെ നീട്ടി.ആഗോളതലത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ യാത്രാനിയന്ത്രണം പുതുക്കുക മാത്രമല്ല, എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്തു.
രോഗബാധയുള്ളവരെ ആശുപത്രികളിലേക്ക് അയയ്ക്കുകയോ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയോ ചെയ്തു. കുഴപ്പമില്ലെന്നു കണ്ടെത്തിയവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി.

30 വിമാനത്താവളങ്ങളിലും 12 വലിയ തുറമുഖങ്ങളിലും 65 ചെറിയ തുറമുഖങ്ങളിലും യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കി. ഇത്തരത്തില്‍ 36 ലക്ഷത്തിലേറെ പേരെയാണ് പരിശോധിച്ചത്.
സ്വാധീനമുള്ള ചിലരെ പരിശോധനയ്ക്കു വിധേയമാക്കിയില്ലെന്ന ആരോപണം ശരിയല്ല. പരിശോധനയ്ക്കും നിരീക്ഷണത്തിനും ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും അതിവേഗം ഗവണ്‍മെന്റ് സമഗ്രവും ശക്തവുമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തുടക്കം മുതല്‍ തന്നെ പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളിക്കെതിരെ ഗവണ്‍മെന്റ് കരുത്തുറ്റ നടപടിയാണു കൈക്കൊണ്ടത്.
സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുപതും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ആറും വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തിയിരുന്നു

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here