ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉറക്കുപാട്ടെന്ന പേരില്‍ പ്രചരിക്കുന്ന ഗാനവുമായി ബന്ധപ്പെട്ട് വ്യക്തതയുമായി ഗുരുവായൂര്‍ ദേവസ്വം രംഗത്ത്. ഗുരുവായൂരപ്പനെ അത്താഴപ്പൂജയ്ക്കു ശേഷം പാടിയുറക്കുന്ന ഉറക്കുപാട്ടാണെന്ന പേരില്‍ ഒരു ഗാനം പ്രചരിക്കുന്നുണ്ട്. രാവിലെ, നിര്‍മ്മാല്യത്തിനു മുന്നോടിയായി ഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ട നാരായണീയശ്ലോകങ്ങള്‍ ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നതൊഴിച്ചാല്‍, ശബരിമലക്ഷേത്രത്തില്‍ ഹരിവരാസനം കേള്‍പ്പിക്കുന്ന മാതൃകയില്‍ ഗുരുവായൂരപ്പന് ഉറക്കുപാട്ട് കേള്‍പ്പിക്കുന്ന പതിവ് ഗുരുവായൂര്‍ ക്ഷേത്രത്തിലില്ല. അത്താഴപൂജ കഴിഞ്ഞ്, രാത്രി ശീവേലിക്കു ശേഷം (വിളക്കെഴുന്നള്ളിപ്പുണ്ടെങ്കില്‍ അതിനും ശേഷം) ഏറെ നിഷ്‌കര്‍ഷയോടെ ശാന്തിയേറ്റ കീഴ്ശാന്തി നമ്ബൂതിരി ചെയ്യുന്ന ‘തൃപ്പുക’യോടെ ആണ് ഗുരുവായൂര്‍ ക്ഷേത്രനട അടയ്ക്കുന്നത്. ഈ സമയത്ത് ദര്‍ശനത്തിനു നില്‍ക്കുന്ന ഭക്തജനങ്ങളുടെ ‘ശ്രീകൃഷ്ണഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവ’ എന്ന ശ്രീവില്വമംഗലം സ്വാമികളുടെ ‘ഗോവിന്ദ ദാമോദര സ്‌തോത്രത്തിലെ’ ഒരു വരിയാണ് ജപമായി ക്ഷേത്രാന്തരീക്ഷത്തില്‍ മുഴങ്ങുക. തെറ്റിദ്ധാരണ നീക്കുന്നതിനുവേണ്ടി ഈ വിവരം ഭക്തജനങ്ങളെ അറിയിച്ചു ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി. ഈ ഭക്തിഗാനം സമീപ കാലത്ത് ഗുരുവായൂര്‍ ദേവസ്വം തന്നെ നിര്‍മ്മിച്ചതാണെങ്കിലും അത് ക്ഷേത്രത്തിലെ നിത്യചടങ്ങുകളുമായി ഇതേവരെ ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here