കൊച്ചി: കേരളത്തിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 69 വയസുളള എറണാകുളം ചുളളിക്കൽ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഇന്നു രാവിലെ 8 മണിയോടെയാണ് മരിച്ചത്. ഈ മാസം 16 നാണ് ഇദ്ദേഹം ദുബായിൽനിന്നെത്തിയത്. ദുബായിൽനിന്ന് എത്തിയ ഇദ്ദേഹത്തെ ന്യൂമോണിയ ലക്ഷണങ്ങളുമായി മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്വോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നിബന്ധനകൾ പാലിച്ച് സംസ്കാരം നടത്തും.
അതേസമയം, ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വിമാനത്താവളത്തിൽനിന്നും ഇവരെ കൊണ്ടുവന്ന ഓൺലൈൻ ടാക്സി ഡ്രൈവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും നിരീക്ഷണത്തിലാണ്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളും നിരീക്ഷണത്തിലാണ്.
നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ 5 ബ്രിട്ടീഷ് പൗരന്മാരടക്കം 15 പേരാണ് ചികിത്സയിലുളളത്. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. കേരളത്തിൽ ഇന്നലെ 39 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ-34 പേർ. കണ്ണൂർ 2,തൃശൂർ 1, കോഴിക്കോട് 1, കൊല്ലം 1. കൊല്ലത്ത് ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ ദുബായിൽനിന്ന് എത്തിയവരാണ്.