കോവിഡ് 19 ; അടിയന്തിര ഘട്ടം വന്നാൽ ഗുരുവായൂരിലെ ലോഡ്ജുകൾ ഏറ്റെടുക്കും

ഗുരുവായൂരിൽ മന്ത്രി എ . സി . മൊയ്തീന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ച
ഗുരുവായൂരിൽ മന്ത്രി എ . സി . മൊയ്തീന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ച

ഗുരുവായൂർ: കോവിഡ് 19 നിരീക്ഷണത്തിലുള്ളവരെ അടിയന്തിര ഘട്ടങ്ങളിൽ താമസിപ്പിക്കുന്നതിനായി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജുകൾ ജില്ലാഭരണകൂടം ഏറ്റെടുക്കാൻ തീരുമാനിച്ചു . മന്ത്രി എ . സി . മൊയ്തീന്റെ അധ്യക്ഷതയിൽ ഗുരുവായൂരിലെ ലോഡ്ജുടമകളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം . ഇതിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തിൽ ലോഡ്ജുകൾ പരിശോധിച്ച് കണക്കെടുപ്പ് തുടങ്ങി . ജില്ലയിൽ രണ്ടായിരം പേരെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് കണ്ടെത്തുന്നത് . ഗുരുവായൂരിൽ ആയിരം പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തി വെയ്ക്കുന്നത് . അടുത്തടുത്തായി ഇത്രയധികം പേരെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ സൗകര്യമുള്ള സ്ഥലം എന്ന നിലയിലാണ് ഗുരുവായൂരിനെ തെരഞ്ഞെടുത്തത് .

ലോക രാജ്യങ്ങളിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണിതെന്ന് ജില്ല കളക്ടർ എസ് . ഷാനവാസ് അറിയിച്ചു . ആശുപത്രികളും മറ്റും നിറയുകയും നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് ഇത്തരം സംവിധാനം ഒരുക്കുന്നത് . ഉടമകൾ സ്വമേധയ നൽകാത്ത ലോഡ്ജുകൾ പോലീസ് സഹായത്തോടെ പിടിച്ചെടുക്കുമെന്നും കളക്ടർ പറഞ്ഞു . സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് ലോഡ്ജുകളും സവിധാനകളും നൽകാൻ തയ്യാറാണെന്ന് ഉടമകളുടെ അസോസിയേഷൻ അറിയിച്ചു . ശുദ്ധജലക്ഷാമവും മാലിന്യസംസ്കരണത്തിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നതായി ലോഡ്ജുടകൾ പറഞ്ഞു , ശുദ്ധജലക്ഷാമം പരിഹരിക്കാൻ ചൊവ്വല്ലൂർപ്പടിയിലെ സ്വകാര്യ കുടിവെള്ള സ്രോസസ്സുകൾ ഭരണകൂടം ഏറ്റെടുക്കും . ഗുരുവായൂർ ദേവസ്വത്തിന്റെ മൂന്ന് ഗസ്റ്റ്ഹൗസുകളിലായി 236 മുറികൾ നൽകാൻ തയ്യാറാണെന്ന് ചെയർമാൻ അഡ്വ . കെ . ബി . മോഹൻദാസ് പറഞ്ഞു . ആവശ്യമായി വരികയാണെങ്കിൽ ലോഡ്ജുകൾക്ക് പുറമേ നഗരത്തിലെ ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും ഒഴിഞ്ഞ് കിടക്കുന്ന വീടുകളും ജില്ല ഭരണകൂടം ഏറ്റെടുക്കും . ഇവിടങ്ങളിൽ താമസിപ്പിക്കുന്നവർക്ക് വേണ്ട വൈദ്യസഹായം , ഭക്ഷണം എന്നിവ ഉറപ്പ് വരുത്തും . കിടക്കവിരികളും പുതപ്പുകളും അലയ്ക്കുന്നതിന് ലോൺട്രി തുറന്ന് പ്രവർത്തിക്കും . ലോഡ്ജുകളുടെയും മുറികളുടെയും വിവരങ്ങൾ ശേഖരിക്കാൻ തഹസിൽദാർ എം . ബി . ഗിരീഷ് , നഗരസഭ സെക്രട്ടറി എ . എസ് . ശ്രീകാന്ത് എന്നിവരെ ചുമതലപ്പെടുത്തി . ആവശ്യപ്പെടുന്ന സമയത്ത് ലോഡ്ജുകളുടെ താക്കോൽ ലഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കളക്ടർ ലോഡ്ജുടമകൾക്ക് നിർദ്ദേശം നൽകി. കെ . വി . അബ്ദുൾഖാദർ എം . എൽ . എ . നഗരസഭ ചെയർപേഴ്സൻ എം . രതി , വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് . വി . ശിശിർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here