തിരുവനന്തപുരം: 21 ദിവസം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബി.പി.എല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് ഒരു മാസത്തേക്കുള്ള 15 കിലോ അരി അടക്കമുള്ള അവശ്യ സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാകും സാധനങ്ങള്‍ എത്തിക്കുക. റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്‌.ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നതിനാല്‍ മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഇങ്ങനെയുള്ള രണ്ട് സാധ്യതകളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കാനും ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു അതിന് പുറമെയാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനം.

ബിവറേജസ് അടച്ച സഹാര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here