തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുളളവർ 112 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന 12 പേർ പരിശോധനയിൽ നെഗറ്റീവാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ പാലക്കാടുകാരും 3 പേർ എറണാകുളകാരും 2 പേർ പത്തനംതിട്ടക്കാരുമാണ്. കോഴിക്കോടും ഇടുക്കിയിലും ഓരോ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്ന് പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 122 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഇല്ലാത്തവർക്ക് നേരത്തെയുളള അരി തന്നെ നൽകും. ഇവർക്ക് അരിക്കൊപ്പം പലവ്യഞ്ജന കിറ്റും നൽകും. ഇതിനായി വ്യാപാരികളുടെ സഹായം തേടും.

പകർച്ചവ്യാധി തടയാനുളള പ്രവർത്തനത്തിനുളള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. പൊതുജനങ്ങളുടേയും സംഘടനകളുടേയും പരിപാടികൾ തടയാനാണ് ഓർഡിനൻസ്. പുറത്തിറങ്ങുന്നവർക്ക് തിരിച്ചറിയൽ കാർഡോ പാസ്സോ നിർബന്ധമെന്ന് മുഖ്യമന്ത്രി, ഇവയില്ലാത്തവരോട് വിവരങ്ങൾ തിരക്കാൻ പോലീസിനോട് നിർദേശിച്ചു. സംസ്ഥാനത്ത് ഇന്ന് 1751 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അത്യാവശ്യത്തിന് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ എന്നും ഇക്കാര്യം ഉറപ്പാക്കേണ്ടത് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്തമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കും.

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ 27ാം തിയ്യതി മുതൽ വിതരണം ചെയ്യാൻ ആരംഭിക്കും. 54 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. സംസ്ഥാനത്ത് 1000 ഭക്ഷണശാലകൾ തുടങ്ങുന്ന നടപടികൾ ത്വരിതപ്പെടുത്തും. അതിലൂടെ ഹോം ഡെലിവറി നടത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നലിംഗക്കാർക്ക് പ്രത്യേക താമസ സൌകര്യം ഉൾപ്പടെ ഒരുക്കും. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവറുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here