ന്യൂഡല്‍ഹി: രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇന്ന് അര്‍ധരാത്രി 12 മുതല്‍ 21 ദിവസം വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.നിങ്ങള്‍ രാജ്യത്ത് എവിടെയായാലും അവിടെ തുടരുക. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.ദേശീയ വ്യാപകമായ കര്‍ഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോവുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിതരാജ്യങ്ങള്‍ പോലും തകര്‍ന്നുവീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിനാല്‍ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here